അമ്പലപ്പുഴയില്‍ വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് ക്രൂരതയ്ക്ക് ഇരയായത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതി ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ശേഷം സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറയുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ പറമ്പില്‍ കഴിഞ്ഞ ഞായറാഴ്ച വീട് വെക്കാന്‍ തറക്കല്ലിട്ടിരുന്നു. മൃതദേഹം കുഴിച്ചിട്ടുവെന്ന് കരുതുന്ന സ്ഥലത്ത് തെങ്ങിന്‍ തൈകള്‍ വെച്ച നിലയിലായിരുന്നു.
രാത്രിയില്‍ വിജയലക്ഷ്മിയുടെ ഫോണില്‍ മറ്റൊരാള്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് വിവരം. വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രന്‍.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞ് ജയചന്ദ്രന്‍ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കൊലപാതകം നടത്തിയ സമയത്ത് ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ച് ഇയാള്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് ജയചന്ദ്രന്‍.