X

അമ്പലപ്പള്ളി മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: ആദ്യകാല കോണ്‍ഗ്രസ് നേതാവും വീക്ഷണം കോഴിക്കോട് ജില്ലാ ലേഖകനുമായിരുന്ന അമ്പലപ്പളളി മാമുക്കോയ(72) നിര്യാതനായി. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി ഭാരവാഹിയുമായ അമ്പലപ്പള്ളി മുഹമ്മദിന്റെയും ആയിഷയുടെയും മൂത്ത പുത്രനാണ്. 1967ല്‍ വിമോചനസമരകാലത്താണ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. എം.എംഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍ഡിപെന്റന്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷനില്‍ സജീവമായിരുന്നു. പിന്നീട് കെ.എസ്.യു രൂപീകരിച്ചപ്പോള്‍ നേതൃസ്ഥാനത്തെത്തി.
കെ. കരുണാകരന്‍, എ.കെ ആന്റണി തുടങ്ങിയ നേതാക്കളുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയ ആളായിരുന്നു അമ്പലപ്പള്ളി. കോഴിക്കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായ മാമുക്കോയ മലബാര്‍ പ്രസ്‌ക്ലബ് എന്ന പേരില്‍ പത്രപ്രവര്‍ത്തകരുടെ സംഘടന രൂപീകരിച്ചപ്പോള്‍ മുന്നണി പ്രവര്‍ത്തകനായി ഉണ്ടായിരുന്നു. പിന്നീട് കേരള പത്രപ്രവര്‍ത്തക യൂണിയനിലും സജീവമായി. കാലിക്കറ്റ് പ്രസ്‌ക്ലബ് ഭാരവാഹിയായിരുന്നു.
പരപ്പനങ്ങാടി കിഴപ്പിനിയകത്ത് മുഹമ്മദ് നഹയുടെ മകള്‍ ഖദീജയാണ് ഭാര്യ. മക്കള്‍: അനില്‍മുഹമ്മദ്, അംജത്അലി, ആഖിബ് ആസാദ്. മരുമക്കള്‍: സൗധ, ലസ്്‌ന. ഖബറടക്കം ഇന്ന്്് 12മണിക്ക്്് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍. അമ്പലപ്പള്ളി മാമുക്കോയയുടെ നിര്യാണത്തില്‍ എ.ഐ.സി.സി അംഗം എ.കെ ആന്റണി, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ അനുശോചിച്ചു.

chandrika: