ഡല്‍ഹി: ഉത്സവ സീസണ്‍ ആരംഭിച്ചതോടെ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് രാജ്യത്തെ ഇകൊമേഴ്‌സ് കമ്പനിയായ ആമസോണ്‍. ആമസോണ്‍ ഷോപ്പിംഗ് സൈറ്റ് നാല് ഭാഷകളില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ആമസോണ്‍ ഇന്‍ ഷോപ്പിംഗ് ആപ്പ്, ഡെസ്‌ക്ടോപ്പ് സൈറ്റുകള്‍ എന്നിവ ലഭ്യമാകും. ഇന്ത്യയില്‍ ഇതിനകം തന്നെ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ ആമസോണ്‍ വെബ്‌സൈറ്റും ആപ്പും ലഭ്യമാണ്. കോവിഡ് കാലത്ത് രാജ്യത്തെ മുന്‍നിര നഗരങ്ങളിലെ ആളുകളെക്കാള്‍ കൂടുതല്‍ ഗ്രാമത്തിലുള്ളവര്‍ ആമസോണ്‍ വഴി അവശ്യസാധനങ്ങളും മറ്റ് ഉത്പന്നങ്ങളും വാങ്ങിയിട്ടുണ്ട്. ഇത് ഇപ്പോഴും തുടരുന്നതിനാലാണ് സാധാരണക്കാര്‍ക്ക് സേവനം എത്തിക്കുന്നതിന്റെ ഭാഗമായി ആമസോണ്‍ വിവിധ ഭാഷയില്‍ അതിന്റെ ആപ്പും വെബ്‌സൈറ്റും ലഭ്യമാക്കാന്‍ തീരുമാനിച്ചത്.
2018ലാണ് ആമസോണ്‍ ഷോപ്പിംഗ് സൈറ്റില്‍ ഹിന്ദി ഭാഷ ഉള്‍പ്പെടുത്തിയത്. അന്നത് വലിയ സ്വീകാര്യത നേടിയിരുന്നു. ഇതേ തുടര്‍ന്നാണ് കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളും ഉള്‍പ്പെടുത്തിയതെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഉത്പന്നങ്ങളെ പരിചയപ്പെടുത്തുന്നതിനായി ചിത്രങ്ങള്‍ക്കൊപ്പം വീഡിയോയും ഉള്‍പ്പെടുത്തുകയും വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താന്‍ ആമസോണ്‍ ഷോപ്പിംഗ് ആപ്ലിക്കേഷനില്‍ മാര്‍ച്ചില്‍ അലക്‌സയും അവതരിപ്പിച്ചിരുന്നു.