ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര ഇടം സ്വന്തമാക്കാനുള്ള ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ തയാറെടുപ്പിനിടെ അതിരുവിട്ട നീക്കത്തെ ചോദ്യംചെയ്ത ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ആമസോണ്‍. ഇന്ത്യയിലെ റീട്ടെയില്‍ ഫാഷന്‍ വില്‍പ്പനാ രംഗത്ത് നല്ല സാന്നിധ്യമുള്ള ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഓഹരികള്‍ റിലയന്‍സിന് വിറ്റ നടപടിയെ ചോദ്യം ചെയ്താണ് ആമസോണ്‍ രംഗത്തെത്തിയത്.
തങ്ങളുടെ കീഴിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് തങ്ങളുടെ അറിവില്ലാതെ കരാറുണ്ടാക്കിയതാണ് ആമസോണിനെ ചൊടിപ്പിച്ചത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന് ഈ ഇടപാട് നടത്താനാവില്ലെന്നാണ് വാദിക്കുന്ന ഇ-കൊമേഴ്‌സ് ഭീമന്‍ നടപടിയെ ചോദ്യം ചെയ്താണ് നിയമ പോരാട്ടത്തിന് ഇറങ്ങുന്നത്. ആമസോണ്‍ അയച്ച നോട്ടീസിന് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇതിയെന്ത് മറുപടി നല്‍കുമെന്നും തര്‍ക്കം കോടതി കയറുമോയെന്നും കാത്തിരുന്ന് കാണാം.
ഫ്യൂച്ചേഴ്സ് കൂപ്പണ്‍സ് എന്ന കമ്പനിയുടെ 49 ശതമാനം ഓഹരി നേരത്തെ തന്നെ ആമസോണ്‍ വാങ്ങിച്ചിരുന്നു. ഈ കമ്പനിക്ക് ഫ്യൂച്ചേഴ്സ് റീട്ടെയിലില്‍ 7.3 ശതമാനം ഓഹരിയുണ്ട്. എന്നാല്‍ ഫ്യൂച്ചേഴ്സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഫ്യൂച്ചര്‍ റീട്ടെയിലിനെ ഏതാനും മാസം മുമ്പാണ് അംബാനി ഏറ്റെടുത്തത്. എന്നാല്‍ അംബാനിയുടെ കമ്പനിയുമായി നടത്തിയ ഇടപാട് തങ്ങളുമായി നേരത്തെ ഏര്‍പ്പെട്ട കരാറിന്റെ ലംഘനമാണെന്നു കാണിച്ച് ആമസോണ്‍ ഇപ്പോള്‍ ഫ്യൂച്ചേഴ്സ് ഗ്രൂപ്പിന് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്.
തങ്ങളുടെ മേഖലയില്‍ കൂടി അംബാനിയിറങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ഈകോമേഴ്‌സ് ഭീമനായ ആമസോണ്‍. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ഇരു കമ്പനികളും സഖ്യത്തിലാകാനുള്ള സാധ്യതകള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ പരസ്യമായ ഏറ്റുമുട്ടിലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഫ്യൂച്ചര്‍ ഗ്രൂപ്പിനെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതമാണ് ആമസോണിന്റെ നോട്ടീസ്. ഫ്യൂച്ചര്‍ ഗ്രൂപ്പ് ബിസിനസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിയാനി ആദ്യം സമീപിച്ചത് ആമസോണിനെയായിരുന്നുവെന്നും എന്നാല്‍, ആമസോണ്‍ ഇതില്‍ വിമുഖത അറിയിച്ചതോടെയാണ് കമ്പനി റിലയന്‍സിനെ ബന്ധപ്പെട്ടതെന്നുമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.
ആഗസ്റ്റ് 29 നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മുഴുവന്‍ റീട്ടെയ്ല്‍, ഹോള്‍സെയില്‍, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിങ് ബിസിനസുകള്‍ ഏറ്റെടുക്കുന്നതായി റിലയന്‍സ് പ്രഖ്യാപിച്ചത്. 24713 കോടി രൂപയുടേതായിരുന്നു ഇടപാട്. ആഗസ്റ്റില്‍ നടന്ന ഇടപാടിന്റെ പേരില്‍ ആമസോണ്‍ സെപ്തംബറും പിന്നിട്ട് ഒക്ടോബറില്‍ നോട്ടീസ് അയച്ചത് എന്തുകൊണ്ടാണെന്നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന് മനസിലാകാത്തത്.
2019 ഡിസംബറിലാണ് ആമസോണ്‍ കമ്പനി ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡ് എന്ന പ്രൊമോട്ടര്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങിയത്. 1430 കോടി രൂപയ്ക്കായിരുന്നു 49 ശതമാനം ഓഹരി വില്‍പന. ഫ്യൂചര്‍ ഗ്രൂപ്പ്-റിലയന്‍സ് ബന്ധം ഉടലെടുത്തതോടെ ആമസോണിന് 193 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായി. ഇതേക്കുറിച്ച് അമേരിക്കയിലെ ഓഹരി ഉടമകള്‍ ചോദിക്കുമെന്നതിനാലാണ് ഇപ്പോള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ ആമസോണ്‍ കേസുമായി മുന്നോട്ട് പോകുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഫ്യൂച്ചര്‍ റീട്ടെയിലിന് പലചരക്കു വില്‍പ്പനാ സ്ഥാപനമായ ബിഗ് ബസാര്‍ അടക്കം ഇന്ത്യയൊട്ടാകെയായി 1500 സ്റ്റോറുകളുണ്ട്. ആമസോണ്‍ ഫ്യൂച്ചേഴ്സ് ഗ്രൂപ്പുമായി എത്തിച്ചേര്‍ന്നിരുന്ന കരാര്‍ പ്രകാരം, ഫ്യൂച്ചര്‍ റീട്ടെയില്‍ വില്‍ക്കുന്നുണ്ടെങ്കില്‍ തങ്ങള്‍ക്കു വേണ്ടെങ്കില്‍ മാത്രം വില്‍ക്കുക എന്നും, തങ്ങളോട് ഏറ്റുമുട്ടില്ലെന്നുമായിരുന്നു ധാരണ. ആമസോണ്‍ അയച്ച നോട്ടീസില്‍ ഇത്തരത്തിലുള്ള പല കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. കൂടാതെ, കമ്പനി ഇത്തരത്തിലൊരു വക്കീല്‍ നോട്ടിസ് അയച്ചതായി ആമസോണ്‍ വക്താവ് റിപ്പോര്‍ട്ടര്‍മാരോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഫ്യൂച്ചേഴ്സ് ഗ്രൂപ്പ് സംഭവത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.