X
    Categories: CultureNewsViews

ആമസോണ്‍ വനസംരക്ഷകന്‍ പൗലിനോയെ വനം കൊള്ളക്കാര്‍ വെടിവെച്ചു കൊന്നു

റിയാ ഡി ജനീറോ: ബ്രസീലില്‍ ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷകനായി അറിയപ്പെട്ടിരുന്ന പൗലോ പൗലിനോ കൊല്ലപ്പെട്ടു. വനത്തിനുള്ളില്‍ അതിക്രമിച്ചുകടന്നവരുടെ വെടിയേറ്റായിരുന്നു മരണം. പ്രകൃതി ചൂഷണത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന ഈ ചെറുപ്പക്കാരന്റെ മരണത്തോടെ ഒരു ജനതയുടെ ശബ്ദവും പരിസ്ഥിതിയുടെ കാവലാളെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ബ്രസീലിലെ ഗോത്രവിഭാഗമായ ഗ്വാജ്ജരാസിന്റെ നേതാവായിരുന്നു പൗലിനോ. വേട്ടയാടുന്നതിനിടെ അദ്ദേഹത്തിന്റെ മുഖത്താണ് വെടിയേറ്റത്. കൊലയാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഫെഡറല്‍ പൊലീസ് അറിയിച്ചു. നിയമവിരുദ്ധ മരം വെട്ടുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ഇരുപതിനായിരത്തോളം ജനസംഖ്യയുള്ള ഇവര്‍ 2012ല്‍ രൂപീകരിച്ച ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് എന്ന കൂട്ടായ്മക്ക് നേതൃത്വം നല്‍കിയിരുന്നത് അദ്ദേഹമാണ്. ആമസോണിന്റെ കാവല്‍ക്കാരായി നിലകൊണ്ട അവര്‍ സമീപ കാലത്ത് വനത്തിലുണ്ടായ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധ കവചം തീര്‍ത്തിരുന്നു. വനത്തിനുള്ളില്‍ മരം മുറിക്കാന്‍ വരുന്നവരെ തടഞ്ഞിരുന്ന സംഘത്തിന്റെ നേതാവെന്ന നിലയില്‍ പൗലിനോയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു. ഭയമുണ്ടെങ്കിലും തലയുയര്‍ത്തി പ്രവര്‍ത്തിച്ചേ പറ്റൂ എന്നായിരുന്നു റോയിട്ടേഴ്‌സിനുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. വനസംരക്ഷണം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും തന്റെ ഗോത്രവിഭാഗം പിന്നോട്ട് പോകില്ലെന്നും പോരാട്ടം തുടരുമെന്നും പൗലിനോ പ്രഖ്യാപിച്ചിരുന്നു. പൗലിനോയുടെ മരണം ബ്രസീലില്‍ വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സുനാരോയുടെ ഗോത്ര വിരുദ്ധ പരാമര്‍ശമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്ന് ഗോത്രവിഭാഗങ്ങളുടെ സംഘടനയായ എ.ഐ.പി.ബി ആരോപിച്ചു. ഖനനത്തിനും സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷിത വനഭൂമി തുറന്നുകൊടുക്കുമെന്ന് ബൊല്‍സുനാരോ പ്രഖാപിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: