മുംബൈ: ഇന്ത്യയിലെ ഓണ്‍ലൈന്‍ ലേണിങ് അക്കാദമി അടച്ചുപൂട്ടാന്‍ ഒരുങ്ങി ആമസോണ്‍. ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ആണ് ആമസോണിന്റെ തീരുമാനം. 2023 ഓഗസ്റ്റ് മുതല്‍ രാജ്യത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോം അടച്ച്പൂട്ടുമെന്ന് ആമസോണ്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ആമസോണ്‍ അക്കാദമി പ്ലാറ്റ്‌ഫോം ആരംഭിച്ചത്. നിലവിലെ അക്കാദമിക് സെഷനില്‍ എന്റോള്‍ ചെയ്തവര്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്നും ആമസോണ്‍ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ സമയത്ത് വെര്‍ച്വല്‍ ലേണിംഗിന്റെ കുതിച്ചുചാട്ടത്തിനിടയിലാണ് ആമസോണും ഓണ്‍ലൈന്‍ ലേണിങ് അക്കാദമി ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെ.ഇ.ഇ) ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്ക് അക്കാദമി കോച്ചിങ് വാഗ്ദാനം നല്‍കി. ഘട്ടം ഘട്ടമായി അക്കാദമി നിര്‍ത്തലാക്കാനാണ് തീരുമാനം.