ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം വലിയ ദുരന്തമാവാതിരുന്നത് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവര്‍ ഷെയ്ഖ് സലീം ഗഫൂറിന്റെ മന:സാന്നിധ്യം. കണ്ണടച്ചുതുറക്കുന്നതിന് മുമ്പെ നടന്ന ആക്രമണത്തില്‍ ഭീകരരുടെ മുന്നില്‍ നിന്ന് തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ വാഹനം മുന്നോട്ടെടുക്കാന്‍ സലീം കാണിച്ച ധൈര്യമാണ് വാഹനത്തിലുണ്ടായിരുന്ന മറ്റ് 49 പേരുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സഹായിച്ചത്. കൂരാക്കൂരിരുട്ടില്‍ ഭീകരരുടെ കണ്ണുവെട്ടിച്ച് തീര്‍ത്ഥാടകരെയും വഹിച്ചുകൊണ്ടുള്ള ബസ് സലീം തൊട്ടടുത്ത ആസ്പത്രിയിലേക്ക് പായിക്കുകയായിരുന്നു.
30 പേര്‍ക്കാണ് ഭീകരരുടെ വെടിവെപ്പില്‍ പരിക്കേറ്റത്. ഏഴ് പേര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഭീകരര്‍ ബസിനു നേരെ വെടിവെച്ചതെന്നും തന്നെ ലക്ഷ്യമാക്കിയുള്ള ആദ്യവെടിയില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും സലീം പറഞ്ഞു. വെടിയൊച്ച കേട്ടതോടെ സീറ്റില്‍ നിന്നും താഴേക്ക് ചാടി കുനിഞ്ഞിരുന്നു. തൊട്ടു പിന്നിലെ സീറ്റിലിരുന്ന തീര്‍ത്ഥാടകന്‍ വെടിയേറ്റ് താഴെ വീണു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് തന്നെ ധൈര്യം വീണ്ടെടുത്ത് ഇരുട്ടില്‍ വണ്ടിയുമായി മുന്നോട്ട് കുതിക്കുകയായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹമാണ് ആ സമയത്ത് അങ്ങിനെ തോന്നിപ്പിച്ചത്-സലീം പറഞ്ഞു. ഏഴു പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതില്‍ സലീമിന് എറെ ദു:ഖമുണ്ടെന്നും എന്നാല്‍ മറ്റുള്ളവരെ സുരക്ഷിതമായ സ്ഥലത്തെത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും സഹോദരന്‍ ജാവേദും പ്രതികരിച്ചു. സലീമിന്റെ തക്കസമയത്തെ ഇടപെടലാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്ന് ജീവന്‍ തിരിച്ചുകിട്ടിയ തീര്‍ത്ഥാടകര്‍ പറയുന്നു. സലീമിന്റെ ധീരതക്ക് കശ്മീര്‍ സര്‍ക്കാരും അമര്‍നാഥ് ക്ഷേത്ര ബോര്‍ഡും അംഗീകാരം നല്‍കിയിട്ടുണ്ട്. കശ്മീര്‍ സര്‍ക്കാര്‍ അഞ്ച് ലക്ഷവും ക്ഷേത്ര ബോര്‍ഡ് രണ്ടു ലക്ഷവും സലീമിന് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സലീമിന്റെ ധീരതയെ പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി സലീമിനെ ധീരതക്കുള്ള പുരസ്‌കാരത്തിന് നിര്‍ദ്ദേശിക്കുമെന്നും അറിയിച്ചു.