ഛണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ വി.പി സിങ് ബാഡ്‌നോര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
ചെലവു ചുരുക്കലിന്റെ ഭാഗമായി ചടങ്ങ് ലളിതമാക്കാന്‍ 75 കാരനായ അമരീന്ദര്‍ ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാനത്തിന്റെ മോശം സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് നടപടി. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി വലിയ തുക ചെലവഴിച്ച് സംസ്ഥാനത്തിന്റെ കടബാധ്യത കൂട്ടേണ്ടതില്ലെന്നാണ് അമരീന്ദര്‍ സിങിന്റെ നിലപാട്. സാമ്പത്തിക പിന്നോക്ക അവസ്ഥകളെ മറികടന്ന് പുരോഗതിയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഏതൊരു ചെറിയ സാമ്പത്തിക നീക്കവും അപകടകരമായ അവസ്ഥയില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബന്ധുക്കളെ ക്ഷണിക്കുന്നത് കുറക്കണമെന്ന് എംഎല്‍എമാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട് അമരീന്ദര്‍ സിങ്.