X
    Categories: indiaNews

എനിക്ക് നട്ടെല്ലുണ്ട്; നിങ്ങളെപ്പോലെ ചതിയനുമല്ല-രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി

അമൃത്സര്‍: കര്‍ഷകസമരവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രസ്താവന നടത്തിയ ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദലിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ബാദലിനെ പോലെ ചതിയനോ നട്ടെല്ലില്ലാത്തവനോ അല്ല താനെന്ന് അമരീന്ദര്‍ സിങ്ങ് തുറന്നടിച്ചു. കര്‍ഷകരോട് ചെയ്ത ചതി മറച്ചുവെയ്ക്കാനാണ് ബാദല്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

അമരീന്ദര്‍ സിങ് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരിലായിരുന്നു ബാദലിന്റെ വിമര്‍ശനങ്ങള്‍. അമരീന്ദര്‍ സിങ് കോമാളിത്തമാണ് കാണിച്ചുകൂട്ടുന്നതെന്നും കര്‍ഷകപ്രശ്‌നത്തില്‍ ബിജെപിക്ക് കീഴടങ്ങിയതായും സുഖ്ബീര്‍ സിങ് ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് സമാനമായ നിയമങ്ങള്‍ അമരീന്ദര്‍ സിങ് സര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് പാസാക്കിയിട്ടുണ്ടെന്നും ബാദല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബാദലിന് ശക്തമായ മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

അതേസമയം, കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുച്ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. കര്‍ഷകരുമായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യത്തില്‍ അണുവിട പിന്‍മാറാന്‍ തയ്യാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: