X

മണിപ്പൂരിലും ഉത്തരാഖണ്ഡിലും നടക്കുന്ന വർഗീയ പ്രചാരണങ്ങളേയും കലാപത്തേയും CASE യോഗം അപലപിച്ചു

മണിപ്പൂരിലും ഉത്തരാഖണ്ഡിലും നടന്നുകൊണ്ടിരിക്കുന്ന വർഗീയ പ്രചാരണങ്ങളേയും കലാപത്തേയും കോഴിക്കോട് ചേർന്ന Citizens Allaince for Social Equality (CASE) യോഗം അപലപിച്ചു. പ്രശ്ന പരിഹാരത്തിന് എത്രയും പെട്ടെന്ന് സത്വര നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാറിനോടും മണിപ്പൂർ – ഉത്തരാഖണ്ഡ് സർക്കാരുകളോടും ആവശ്യപ്പെടുന്നു.

മണിപ്പൂരിലെ വ്യാപകമായ കൂട്ടക്കൊലയും, വംശീയ – മത മുൻവിധികൾ കലർന്ന ഉന്മൂലന പ്രവർത്തനങ്ങളും പോലീസിനും, പട്ടാളത്തിനും നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. പോലീസ് സ്റ്റേഷനിൽ കയറി അവരെ നോക്കുകുത്തികളാക്കി ആയുധങ്ങളും മറ്റും കൊള്ള ചെയ്ത് അക്രമകാരികൾ താണ്ഡവമാടുകയാണ്. ആഭ്യന്തര വകുപ്പിന്റെ ത്വരിതഗതിയിലുള്ള മുഖം നോക്കാതെയുള്ള നടപടികൾ അവിടെ ഉണ്ടായേ തീരൂ. ഉത്തരാഖണ്ഡിലെ മുസ്ലിം വ്യാപാരികൾക്കെതിരെയുള്ള ഉപരോധവും, ബഹിഷ്ക്കരണവും പൗരാവകാശങ്ങളുടെ ലംഘനം ആണ്. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യ നീതി നടപ്പാക്കുന്നതിലും , ജനങ്ങൾക്ക് സമാധാന ജീവിതം ഒരുക്കുന്നതിലും ഉത്തരാഖണ്ഡ് സർക്കാർ പരാജയമാണെന്ന് യോഗം വിലയിരുത്തി.

മണിപ്പൂരിലെയും ഉത്തരാഖണ്ഡിലെയും കലാപത്തിനിരയായവർക്കും നീതി നിഷേധിക്കപെട്ടവർക്കും ഐക്യദാർഢ്യം പ്രഖാപിക്കുന്നു. പ്രശ്നപരിഹാരത്തിനായി എല്ലാ രാഷ്ട്രീയ സാമുദായിക സംഘടനകളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. യോഗത്തിൽ ചെയർമാൻ TP നസീർ ഹുസ്സൈൻ അധ്യക്ഷം വഹിച്ചു, ജനറൽ സിക്രട്ടറി മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. മുസ്തഫ മുഹമ്മദ്, ഷഫീഖ് രായം മരക്കാർ , Er. P മമ്മദ് കോയ, ഖാദർ പാലാഴി, അബ്ദുല്ല അൻസാരി തുടങ്ങിയവർ പങ്കെടുത്തു.

Chandrika Web: