ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തന്‍’ ഈയാഴ്ച തിയറ്ററുകളിലെത്തുകയാണ്. സെപ്തംബര്‍ 20 ന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകളും ട്രെയ്‌ലറും പാട്ടുകളും നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീം സിനിമ എന്നതുകൊണ്ട് കൊണ്ട് ആരാണ് വരത്തന്‍, എവിടുന്നാണ് അയാള്‍ വരുന്നത് തുടങ്ങിയ ആകാംഷകളുമായാണ് പ്രേക്ഷകര്‍ നോക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വരത്തനെ കുറിച്ച് ചന്ദ്രിക ഓണ്‍ലൈനുമായി സംസാരിക്കുന്നു.
- അത്രക്ക് രഹസ്യമായാണോ സിനിമ?
അമല്‍ നീരദ് -മമ്മൂട്ടി ടീമിന്റെ ബിലാലും ഫഹദ് ഫാസില്‍ -അന്‍വര്‍ റഷീദ് ടീമിന്റെ ട്രാന്‍സിനുമായി ആരാധകര്‍ കാത്തിരിക്കുന്നതിനിടയില്‍ പെട്ടന്നാണ് വരത്തന്റെ വരവുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് വരത്തന്‍ വളരെ രഹസ്യമായി ചിത്രീകരിച്ച ഒരു സിനിമപോലെയാണ് തോന്നുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍.
ബിഗ്ബി അനൗണ്‍സ് ചെയ്ത ശേഷം ചെറിയൊരു കഥയില്‍ പെട്ടന്നുണ്ടായ ഒരു സിനിമയാണ് വരത്തന്‍. ട്രാന്‍സിനിടയില്‍ ഫഹദിന്റ ഡേറ്റും ഒത്തുവന്നപ്പോള്‍ സിനിമ ചെയ്യാന്‍ തീരുമാനമാവുകയായിരുന്നു. സിനിമ രഹസ്യമാക്കിവെച്ചതല്ല. പെട്ടെന്ന് തുടങ്ങിയ സിനിമ ആയതു കൊണ്ട് തന്നെ പ്രീപ്രൊഡക്ഷന് അതികം സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് പുറത്തറിയുമ്പഴേക്കും ഷൂട്ടിങും മറ്റും എല്ലാം കഴിഞ്ഞിരുന്നു.
- ആരാണ് വരത്തന്‍?
നമ്മളില്‍പെടാത്ത പുറത്ത് നിന്ന് വന്ന ഒരാള്‍ ആണ് വരത്തന്‍. ഔട്ട് സൈഡര്‍, ഒരു അണ്‍ഇന്‍വൈറ്റഡ് ഗസ്റ്റ്. അങ്ങനെ ഉള്ള ഒരാളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് വരത്തന്‍. അയാള്‍ തന്നെയാണ് സിനമിയിലെ മുഖ്യ കഥാപാത്രവും. പുറത്ത് നിന്ന് ഒരാള്‍ നമ്മുടെ നാട്ടില്‍ വന്നു കൂടുമ്പോള്‍ ഓന്‍ വരത്തനാണല്ലോ എന്ന് പറഞ്ഞു നാട്ടുകാര്‍ സൂക്ഷ്മം നിരീക്ഷിക്കുമ്പോള്‍ ഉടലെടുക്കുന്നു ഒരു കഥയാണ് വരത്തന്‍.
- ഒരു അമല്‍ നീരദ് പടം?
ബിഗ്ബി, ഗാങ്‌സ്റ്റര്‍ പോലെ പ്രേക്ഷകര്‍ കണ്ട ഒരു അമല്‍ നീരദ് പടമായിരിക്കില്ല വരത്തന്‍. വരത്തനെ മറ്റൊരു അമല്‍ ചിത്രം എന്നുതന്നെ പറയാം. ഒരു ചെറിയ സംഭവത്തില്‍ ഒരുങ്ങുന്ന കുറച്ചു വ്യത്യസ്തതയൊക്കെയുള്ള ഒരു സിനിമ.
- രണ്ടു പേര്‍ ചേര്‍ന്നുള്ള കഥ, അമല്‍ നീരദിന്റെ സംവിധാനം?
കഥയെഴുത്തില്‍ പുതുമുഖങ്ങളായ ഷറഫു-സുഹാസ് ടീമാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഈ കാലഘട്ടത്തില്‍ ഏതു നാട്ടിലും നടക്കാന്‍ സാധ്യതയുള്ള ഒരു ഇന്‍സിഡന്റും അതിനോട് അനുബന്ധമായ ചില സംഭവങ്ങളുമാണ് ചിത്രത്തില്‍. എന്നാല്‍ കഥക്ക് വേണ്ടി ഒരുങ്ങിയ ഒരു ഭ്രമാണ്ഡ ചിത്രവുമല്ല. ഒരു ചെറിയ കഥ, അത് അമല്‍ നീരദ് ടച്ചിലൂടെ സിനിമയാവുന്നു. അത്ര വലിയ സംഭവങ്ങളൊന്നും ഇല്ലാത്ത തീര്‍ത്ത ഒരു ചെറിയ പടം, അതാണ് വരത്തന്‍.
- ഫഹദ് ഫാസില്‍ ഒരു വെല്ലുവിളിയാണോ?
കാര്‍ബണ് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന സിനിമയാണ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനത്തില്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ശേഷം പുറത്തിറങ്ങുന്ന സിനിമയാണ് വരത്തന്‍. ഫഹദും നായിക റോളില്‍ ഐശ്യര്യയും സിനിമയില്‍ കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എ.എന്‍.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. വാഗമൺ, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷൻ. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിങ്. സംഗീതം സുഷിൻ ശ്യാം.