ലണ്ടന്‍: ഇന്ത്യന്‍ പാരമ്പര്യത്തോട് എക്കാലവും ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണ് പ്രധാനമന്ത്രി ഋഷി സുനക്. യോര്‍ക്ഷറില്‍നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എം.പിയായി സത്യപ്രതിജ്ഞ ചെയ്തത് ഭഗവത്ഗീത തൊട്ടായിരുന്നു. ഇത്തരമൊരു സത്യപ്രതിജ്ഞക്ക് തയാറാകുന്ന ആദ്യ വ്യക്തിയും അദ്ദേഹമാണ്. സമ്മര്‍ദ്ദമുള്ള സമയങ്ങളില്‍ വഴികാട്ടിയായും രക്ഷകനായും ഭഗവത്ഗീത ഉണ്ടാകാറുണ്ടെന്ന് സുനക് പറഞ്ഞിരുന്നു.ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയാണ് ഭാര്യ. കുടുംബത്തോടൊപ്പം ഇടയ്ക്ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്താറുമുണ്ട്.
ബ്രിട്ടീഷ് രാജാവിനെക്കാള്‍ സമ്പന്നനാണ് സുനക്. അദ്ദേഹത്തിന്റെ ഭാര്യ അക്ഷതയ്ക്ക് തന്നെ ഇന്‍ഫോസിസില്‍ നൂറു കോടിയിലധികം ഡോളറിന്റെ ഓഹരിയുണ്ട്. സുനകിന് 730 ദശലക്ഷം പൗണ്ടിന്റെ ആസ്തിയുണ്ട്. സണ്‍ഡേ ടൈംസ് പുറത്തുവിട്ട ധനികരുടെ പട്ടികപ്രകാരം ബ്രിട്ടീഷ് രാജാവിന്റെ സമ്പാദ്യം 370 ദശലക്ഷം പൗണ്ട് മാത്രമാണ്. സുനകിനും ഭാര്യക്കും യോര്‍ക്ഷറില്‍ ഒരു മാളികയും സെന്‍ട്രല്‍ ലണ്ടനിലെ കെന്‍സിങ്ടണില്‍ കോടികളുടെ വസ്തുവകകളുമുണ്ട്. നേരത്തെ സുനകിന്റെ പേര് പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെട്ടപ്പോള്‍ തന്നെ അക്ഷതയുടെയും കുടുംബത്തിന്റെയും ആഡംബര ജീവിത രീതി ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. 3624 രൂപ വില വരുന്ന കപ്പിലാണ് അക്ഷത ചായ കുടിക്കുന്നതെന്നായിരുന്നു പ്രധാന വാര്‍ത്ത.
ഉടച്ചുവാര്‍ത്ത് സുനക്
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റപ്പോള്‍ അലോക് ശര്‍മ്മ ഉള്‍പ്പെടെ നിരവധി മന്ത്രിമാര്‍ പുറത്ത്. ധനമന്ത്രിയായി ജെറമി ഹണ്ട് തുടരും. മിനിബജറ്റിലെ നികുതി ഇളവുകളുടെ പേരില്‍ വിമര്‍ശനം നേരിട്ട മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് പുറത്താക്കിയ ക്വാസി ക്വാര്‍ടെങിന്റെ പകരക്കാരനായാണ് ഹണ്ട് ധനമന്ത്രിയായത്. പാര്‍ട്ടി നേതൃനിരയിലേക്ക് ലിസുമായി മത്സരിച്ചപ്പോള്‍ ഹണ്ട് പിന്തുണച്ചിരുന്നത് സുനകിനെയാണ്. സുനക് പ്രധാനന്ത്രിയാകുമെന്ന് ഉറപ്പായപ്പോള്‍ തന്നെ ഊര്‍ജ സെക്രട്ടറി ജേക്കബ് റീസ് മോഗ് രാജി പ്രഖ്യാപിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ ലിസിന്റെയും ബോറിസ് ജോണ്‍സിന്റെയും ഉറ്റ സുഹൃത്തായ അദ്ദേഹം സുനകിന്റെ മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
മന്ത്രിസഭയില്‍ നിലവിലെ 10 അംഗങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. അതേസമയം രണ്ട് മാസത്തിനിടെ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായ സുനകിനെ ലോകനേതാക്കള്‍ അഭിനന്ദിച്ചു. യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളില്‍ സുനകുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഉറ്റുനോക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ വേരുകളുള്ള ഒരാള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത് ഏറെ വിസ്മയകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ പുതിയ പ്രധാനമന്ത്രി അധികാരത്തില്‍ വന്നെങ്കിലും ബ്രിട്ടനുമായുള്ള ഭാവി ബന്ധത്തില്‍ എന്തെങ്കിലും അനുകൂല മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് റഷ്യ വ്യക്തമാക്കി. ഏറെ പ്രയാസകരമായ വിഷയങ്ങളില്‍ ബ്രിട്ടനുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സികി ട്വറ്ററിലൂടെ നല്‍കിയ സന്ദേശത്തില്‍ സുനകിനെ അഭിനന്ദിച്ചു. സുനകിന് പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.