ജയ്പൂര്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ വ്യക്തമായ മാര്‍ജിനില്‍ തറപറ്റിച്ച രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്‍കുന്ന പ്രതീക്ഷകളേറെ. അടിത്തട്ടില്‍ നടത്തിയ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി വോട്ടുകള്‍ ഭിന്നിച്ചു പോകുന്നത് തടയാനും മുസ്ലിം, പിന്നാക്ക വോട്ടുകള്‍ സ്വന്തം സ്ഥാനാര്‍ത്ഥിക്ക് ഉറപ്പു വരുത്താനും അജ്മീരിലും അല്‍വാറിലും കോണ്‍ഗ്രസിനു കഴിഞ്ഞു. ന്യൂനപക്ഷ, പിന്നാക്ക വിഭാഗക്കാരായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി തന്ത്രം ഈ മണ്ഡലങ്ങളില്‍ വിജയം കണ്ടില്ല.
രാജസ്ഥാനിലെ മുസ്ലിം സാന്നിധ്യമുള്ള മണ്ഡലങ്ങളിലൊന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്ന അജ്മീര്‍. വോട്ടര്‍മാരില്‍ 15 ശതമാനത്തോളമാണ് മുസ്ലിം ജനസംഖ്യയെങ്കിലും അജ്മീര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളില്‍ 25 ശതമാനത്തിലേറെ മുസ്ലിംകളായിരുന്നു. എന്നാല്‍ മുസ്ലിം വോട്ടുബാങ്കില്‍ കാര്യമായ വിള്ളലുണ്ടാക്കാനും കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താനും ഇവര്‍ക്ക് കഴിഞ്ഞില്ല. ഏഴ് മുസ്ലിം സ്ഥാനാര്‍ത്ഥികളില്‍ 9993 വോട്ടുകള്‍ നേടിയ മുഹമ്മദ് നാസിമിന് മാത്രമാണ് അല്‍പമെങ്കിലും അഭിമാനിക്കാനുള്ളത്. മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ മൊത്തം 16,000 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ട് പട്ടിക ജാതി സ്ഥാനാര്‍ത്ഥികളും രണ്ട് പട്ടിക വര്‍ഗ സ്ഥാനാര്‍ത്ഥികളുമടക്കം നേടിയത് 4000-ല്‍ താഴെ വോട്ടു മാത്രം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നേരിടേണ്ടി വന്ന തിരിച്ചടികള്‍ സമുദായമായ മുസ്ലിം, ദളിത് വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നത് രഘു ശര്‍മയുടെ 84,414 വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള വിജയത്തില്‍ നിര്‍ണായകമായി.
മുസ്ലിം ജനസംഖ്യ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമുള്ള അല്‍വാറില്‍ 19 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ രണ്ട് മുസ്ലിം സ്ഥാനാര്‍ത്ഥികളും രണ്ട് പട്ടിക ജാതി സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ടായിരുന്നു. ഇതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) പാര്‍ട്ടിക്കായി മത്സരിച്ച ചമന്‍ലാല്‍ നേടിയ 3569 വോട്ടാണ് വലിയ സംഖ്യ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കരണ്‍ സിങ് യാദവിന്റെ 1,96,496 എന്ന ഭീമന്‍ ഭൂരിപക്ഷത്തിനു മുന്നില്‍ ഇത് നിസ്സാരമായിരുന്നു.
കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കുകയെന്ന മുന്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പയറ്റിയ തന്ത്രം രാജസ്ഥാനില്‍ വിലപ്പോകാതിരുന്നത് അടിത്തട്ടില്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നാണ് വിലയിരുത്തല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കഴിയാതിരുന്നതാണ് മികച്ച പോരാട്ടം കാഴ്ച വെച്ചിട്ടും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റിയത്.