X

ആലുവ കൊലപാതകം: കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലത്തെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പൊലീസിന്റെ അപേക്ഷ എറണാകുളം പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇതോടൊപ്പം നല്‍കിയ കസ്റ്റഡി അപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുക. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. ആലുവ സബ്ജയിലിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ആലുവ മാര്‍ക്കറ്റിലും, കുട്ടിയുമായി പ്രതി പോയ മറ്റു ഇടങ്ങളിലും വിശദ തെളിവെടുപ്പ് നടത്തി തെളിവുകളും സാക്ഷി മൊഴികളും ശേഖരിക്കും. ആലുവയിലെ കൊലപാതകത്തില്‍ മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇതുവരെ പൊലീസിന് തീര്‍ച്ചയില്ല. ഇതിലൊരു കൃത്യത വരുത്താന്‍ ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയില്‍ വിടുന്നതിന് മുന്‍പേയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്താനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്. ആലുവ മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ ആലുവ സബ് ജയിലിനുള്ളില്‍ വച്ചായിരിക്കും ഇന്ന് തിരിച്ചറിയല്‍ പരേഡ് നടത്തുക. എറണാകുളം സിജെഎം കോടതിയാണ് പരേഡിനുള്ള അനുമതി നല്‍കിയത്. കുട്ടിയുമായി അസ്ഫാഖ് പോകുന്നത് കണ്ടെന്ന് പറഞ്ഞ മുഴുവന്‍ ആളുകളെയും തിരിച്ചറിയില്‍ പരേഡിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ബീഹാറിലെത്തിയ പൊലീസ് സംഘം അസ്ഫാഖിന്റെ വീട് കണ്ടെത്തി. ഇയാള്‍ മറ്റേതെങ്കിലും കേസില്‍ പ്രതിയല്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. അസ്ഫാഖ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ആലുവയില്‍ താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്ന് താമസം തുടങ്ങിയത് 22 മുതലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഒന്‍പത് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി കൃത്യം നടത്തിയത് ഒറ്റയ്ക്കായിരുന്നുവെന്നും ഈ സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോക്‌സോ വകുപ്പ്, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.

അതേസമയം പെണ്‍കുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ എക്‌സൈസ് മിന്നല്‍ പരിശോധന നടത്തി. പ്രതി താമസിച്ച മുറിയിലും സംഘം പരിശോധന നടത്തി. ആലുവയിലും പരിസരപ്രദേശങ്ങളിലുമായി അമ്പതിലേറെ ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് പൊലീസ് അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കുട്ടിയോടും കുടുംബത്തോടും സര്‍ക്കാര്‍ അനാദരവ് കാട്ടിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

webdesk11: