X

ആലുവ കൊലപാതകം; പ്രതിയുടെ കസ്റ്റഡി അപേക്ഷ പോക്‌സോ കോടതിയില്‍

കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ബിഹാര്‍ സ്വദേശി അഷ്ഫാഖിനെ (28) റിമാന്‍ഡ് ചെയ്തു. വൈദ്യപരിശോധനക്ക് ശേഷം ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ആലുവ സബ് ജയിലിലേക്ക് മാറ്റി.

തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. ഇയാള്‍ക്കെതിരെ കൊലപാതകം, പോക്‌സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം ഒമ്പത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ ലഭിച്ച ശേഷമാകും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ആലുവ മാര്‍ക്കറ്റിലടക്കം തെളിവെടുപ്പ് നടത്തുക. കുട്ടിയെ തട്ടിക്കൊണ്ടുപോയ വീട്ടുപരിസരത്തും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം ഇയാളെ തെളിവെടുപ്പിനായി ആലുവ മാര്‍ക്കറ്റിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധം കാരണം പുറത്തേക്ക് ഇറക്കാന്‍ സാധിച്ചിരുന്നില്ല.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കും 5.30നും ഇടയിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി. പ്രതി ഒറ്റക്ക് കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. മറ്റ് ആളുകളുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായില്ലെന്ന് ഡിഐജി എ.ശ്രീനിവാസ് വ്യക്തമാക്കി. ഇയാള്‍ക്ക് വാടകവീട് തരപ്പെടുത്തി നല്‍കിയ സുഹൃത്ത് ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവു സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റു മുറിവുകള്‍ ബലപ്രയോഗത്തില്‍ സംഭവിച്ചതാണെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി അഷ്ഫാഖിനെയും കുട്ടിയെയും തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. വെള്ളിയാഴ്ച മൂന്ന് മണിക്ക് ശേഷം ഇരുവരെയും മാര്‍ക്കറ്റില്‍ കണ്ടിരുന്നതായി ഇയാള്‍ പോലീസിനെ വിളിച്ചറിയിച്ചു. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കുട്ടിയുമായി അഷ്ഫാഖ് എത്തിയത് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

അഷ്ഫാഖിന് ലൈംഗിക ദൃശ്യങ്ങള്‍ കാണുന്ന ശീലമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചു റോഡില്‍ കിടക്കുന്നതും ആളുകളുമായി തര്‍ക്കമുണ്ടാക്കുന്നതും പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇത്രയും സംഭവങ്ങളുണ്ടായിട്ടും ഇയാള്‍ക്കെതിരെ ഒരുകേസ് പോലും ഇതിന് മുമ്പ് ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇയാള്‍ ഒന്നര വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ ജോലികള്‍ ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പാണ് കുട്ടിയും കുടുംബവും താമസിക്കുന്ന തായിക്കാട്ടുകരയില്‍ എത്തിയത്.പ്രതിയുടെ പശ്ചാത്തലം അറിയുന്നതിനും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി അന്വേഷണസംഘം ബീഹാറിലേക്ക് പോകുമെന്ന് ഡിഐജി അറിയിച്ചു. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് ബീഹാര്‍ പൊലീസിന്റെ കൂടി സഹായത്തോടെ അന്വേഷിക്കും.

webdesk11: