മലപ്പുറം: ആയിരങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന ബദല്‍ സ്‌കൂളുകള്‍ക്ക് പൂട്ടുവീഴുന്നു. സംസ്ഥാനത്തെ മുഴുവന്‍ ബദല്‍ സ്‌കൂളുടെയും പ്രവര്‍ത്തനം ഈ അധ്യയന വര്‍ഷം തന്നെ നിര്‍ത്താനാണ് മെയ് 25ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതോടെ 273 സ്‌കൂളുകളിലായി 8431 കുട്ടികള്‍ വഴിയാധാരമാകും. ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്നറിയപ്പെടുന്ന എം. ജി.എല്‍.സി (മള്‍ട്ടി ഗ്രൈഡ് ലേണിങ് സെന്റര്‍) സ്‌കൂളുകള്‍ ഗുണനിലവാരമില്ലെന്നു കാണിച്ചാണ് അടച്ചു പൂട്ടുന്നത്. ഇത്തരം വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയ നൂറകണക്കിന് വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ ഉന്നത പദവിയില്‍ തിളങ്ങുന്നു എന്ന യാഥാര്‍ത്ഥ്യം മറച്ചു വെച്ചാണ് സര്‍ക്കാറിന്റെ ക്രൂരനടപടി.
ആദിവാസി മേഖലയിലെ 27 സ്‌കൂളുകള്‍ നിലനിര്‍ത്തി ബാക്കി വരുന്നവക്ക് പൂട്ടിടാനായിരുന്നു സര്‍ക്കാര്‍ ആദ്യം നിര്‍ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 27 സ്‌കൂളുകളില്‍ പ്രവേശന നടപടിയും ആരംഭിച്ചിരുന്നു. അതിനിടയിലാണ് ബദല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കാതെ പോകുമെന്നും മുഴുവന്‍ സ്‌കളും അടച്ചിടണമെന്നും കാട്ടി പെതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇതോടെ കെട്ടിടമുള്‍പ്പെടെ മുഴുവന്‍ സൗകര്യങ്ങളുമുള്ള നൂറുകണക്കിന് വിദ്യാലയങ്ങള്‍ നാഥനില്ലാതെയായി.
എം.ജി.എല്‍.സികളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ തൊട്ടടുത്തുള്ള വിദ്യാലയങ്ങളില്‍ ചേര്‍ക്കുകയോ ഹോസ്റ്റല്‍ സൗകര്യമുള്ള സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ മതിയായ വാഹന സൗകര്യമേര്‍പ്പെടുത്തി കുട്ടികളെ സ്‌കൂളുകളിലെത്തിക്കുകയോ ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ പഠന സൗകര്യം തീരെയില്ലാത്ത സ്ഥലത്താണ് ബദല്‍ സ്‌കൂളുകള്‍ തുറന്നിരുന്നത്. ഇവ പൂട്ടിയാല്‍ ഈ മേഖലയിലുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടി സ്‌കൂളില്‍ പോകേണ്ട അവസ്ഥയാണ്. മലയോര മേഖലിയല്‍ ഒരു എല്‍.പി. സ്‌കൂളുകളിലും ഹോസ്റ്റല്‍ സൗകര്യമില്ലെന്നു മാത്രമല്ല വാഹന സൗകര്യവും കുറവാണ്. ഇങ്ങനെ വന്നാല്‍ രക്ഷിതാക്കള്‍ സ്വന്തം വാഹനം ഏര്‍പ്പാടു ചെയ്യേണ്ടി വരും.
സ്‌കൂളുകള്‍ നിര്‍ത്തലാക്കുമ്പോള്‍ വിദ്യ വളണ്ടിയര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. എന്നാല്‍ ഇവരെ പി.ടിസി.എം, എഫ്.ടി. എം ഒഴിവുകളില്‍ നിയമിക്കനാണ് തീരുമാനം. 1997 ആരംഭിച്ച ഈ പദ്ധതി 2009ല്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും പ്രതിഷേധങ്ങള്‍ കൊണ്ടു മാത്രമാണ് 2022ലെത്തിയത്. കേന്ദ്രപദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയെന്നാണ് രക്ഷിതാക്കളും വിദ്യാഭ്യാസ നിരീക്ഷകരും പറയുന്നത്. കേന്ദ്രം നിര്‍ത്തിയാലും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കണമെന്നും അതുവരെ കുട്ടികളെ മാറ്റി ചേര്‍ക്കില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.