ഫിര്‍ദൗസ് കായല്‍പ്പുറം
പൊലീസുകാര്‍ ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന ചോദ്യമുയര്‍ത്താന്‍ തിരുവഞ്ചൂരിനെ പോലെ പ്രഗത്ഭനായ ഒരംഗം പ്രതിപക്ഷ നിരയില്‍ വേറെയില്ല. അതുകൊണ്ടുതന്നെ അടിയന്തര പ്രമേയത്തിന്റെ കടിഞ്ഞാണ്‍ വി.ഡി സതീശന്‍ ഇന്നലെ തിരുവഞ്ചൂരിനെയാണ് ഏല്‍പ്പിച്ചത്. മുന്‍ പൊലീസുമന്ത്രിയായ തിരുവഞ്ചൂര്‍ ആ കര്‍മ്മം ഭംഗിയായി നിര്‍വഹിച്ചു. പക്ഷേ, ‘കാക്കിയിട്ടവന്റെ നേരെ കയ്യോങ്ങിയാല്‍ തനിക്കൊന്നും വേദനിക്കില്ല’ എങ്കിലും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് അത് സഹിക്കാനാവില്ല. തിരുവഞ്ചൂരിനെ കാര്യമായി ഖണ്ഡിച്ച് പിണറായി തന്റെ പൊലീസിന്റെ മഹത്വം വാഴ്ത്തി. പരിധിവിട്ടാല്‍ വി.ഡി സതീശന്‍ ഡബിളാണ്.
പൊലീസിന്റെ കൊളളരുതായ്മകള്‍ വി.ഡി അക്കമിട്ടുനിരത്തി. എന്തുസംഭവം പറഞ്ഞാലും മുഖ്യമന്ത്രിക്ക് അതൊക്കെ ഒറ്റപ്പെട്ടതാണ്. അങ്ങനെയെങ്കില്‍ സംഭവങ്ങളെല്ലാം എണ്ണിത്തീര്‍ക്കാന്‍ പൊലീസ് ആസ്ഥാനത്ത് കൗണ്ടിംഗ് മെഷീന്‍ വാങ്ങേണ്ട അവസ്ഥയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്.
എന്താണെന്നറിയില്ല, ഇതുവരെയുണ്ടായിരുന്ന പ്രതിപക്ഷ നേതാക്കളെ പോലെയല്ലേ താനെന്ന് സ്വയം ചോദിക്കേണ്ടിവന്നു വി.ഡിക്ക്. താന്‍ പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇതാദ്യമല്ല. പ്രതിപക്ഷ നേതാക്കളുടെ വാക്കൗട്ട് പ്രസംഗം പണ്ടുമുതല്‍ക്കെയുള്ളതാണ്. പക്ഷെ, ഒരു സംഘം ക്വട്ടേഷന്‍ കിട്ടിയത് പോലെ നിരന്തരമായി പ്രസംഗം തടസപ്പെടുത്തുന്നത് സ്പീക്കര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം വാക്കൗട്ട് ചെയ്തത്. കേരളം എല്ലാ കാര്യത്തിലും ഒന്നാമതാണ്. ക്രമസമാധാനത്തിലോ? എന്നൊരു ചോദ്യം പി.കെ കുഞ്ഞാലിക്കുട്ടി ഉയര്‍ത്തയപ്പോള്‍ ആര്‍ക്കും മറുപടിയുണ്ടായില്ല.
പൊലീസും ക്രമസമാധാനവുമൊക്കെ പറഞ്ഞൊഴിഞ്ഞ സഭയില്‍ പുഴയുടെ മനോഹാരിതയെ ചേര്‍ത്തുപിടിച്ചാണ് നജീബ് കാന്തപുരം തുടങ്ങിയത്. പെരിന്തല്‍മണ്ണ അംഗത്തിന് ഒരാഗ്രഹമുണ്ട്. അത് ചെറുതൊന്നുമല്ല. സ്വന്തമായി ഒരു പുഴ വേണം. തെറ്റിദ്ധരിക്കരുത്, എം. മുകുന്ദന് മയ്യഴി എന്നപോലെയല്ല. എം.എല്‍.എമാര്‍ക്ക് ഒരു പുഴ നല്‍കണം. അതിന്റെ ചുമതല എം.എല്‍.എമാര്‍ ഏറ്റെടുക്കണം. പ്രത്യേക ഫണ്ടും അനുവദിക്കണമെന്ന് നജീബ്. എങ്കില്‍ നമുക്കതിനെ എം.എല്‍.എപ്പുഴ എന്നുവിളിക്കാമെന്ന് എം. നൗഷാദ്. കാര്യമൊക്കെ ശരിയാണ് എം.എല്‍.എമാര്‍ക്ക് നല്‍കാന്‍ പുഴയില്ലെന്നും എല്ലാ പുഴകളും കലകട്ര്‍മാര്‍ക്കാണെന്നും മന്ത്രി വി.എന്‍ വാസന്‍. പുഴയും മണല്‍വാരലും സജീവ ചര്‍ച്ചയായപ്പോള്‍ മണല്‍വാരല്‍ നിയമത്തിലെ ഭേദഗതി പ്രകാരം 25,000 പിഴ, അഞ്ച് ലക്ഷമാക്കി മാറ്റുന്നതില്‍ ഏറെ സന്തോഷിക്കുന്നത് എന്‍.എ നെല്ലിക്കുന്നാണ്. അഞ്ച് ലക്ഷമല്ല, അഞ്ച് കോടിയാക്കിയാലും വിയോജിപ്പില്ലെന്ന് നെല്ലിക്കുന്ന്.
കോണ്‍ഗ്രസ് ജയിച്ചാലും തോറ്റാലും രണ്ട് കുറ്റം പറയാതെ സി.പി.എമ്മുകാര്‍ക്ക് ഉറക്കം വരില്ലെന്ന തിരിച്ചറിവുള്ളത് സണ്ണി ജോസഫിനാണ്. അതുകൊണ്ടുതന്നെ അദ്ദേഹം സി.പി.എമ്മിന്റെ ജാതകം വലിച്ചുപുറത്തിട്ടു. ഹിമാചലില്‍ ഒരു എം.എല്‍.എ ഉണ്ടായിരുന്നതു കൂടി നഷ്ടമായിട്ടും കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കുറ്റപ്പെടുത്താതിരിക്കാന്‍ ആകുന്നില്ലല്ലോ എന്ന് ചോദ്യം. മാത്യു കുഴല്‍നാടന്‍ അത് ഏറ്റുപിടിച്ചു. രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാനുള്ള സാധനങ്ങള്‍ തയാറാക്കി ബി.ജെ.പിക്ക് നല്‍കുന്ന പൊട്ടക്കിണറ്റിലെ തവളയാണ് സി.പി.എമ്മെന്ന് കുഴല്‍നാടന്‍. പക്ഷേ, എല്ലാ സി.പി.എമ്മുകാരെയും അങ്ങനെ പറഞ്ഞാല്‍ സണ്ണി ജോസഫിന് സഹിക്കില്ല. കാന്റീനില്‍ ചായകുടിക്കാന്‍ പോയപ്പോഴും ട്രെയിന്‍ യാത്രക്കിടയിലും ഹിമാചലില്‍ ‘നമ്മള്‍ ജയിച്ചല്ലോ’ എന്ന് പറഞ്ഞ സി.പി.എം എം.എല്‍.എമാരോട് സണ്ണി എന്നും നന്ദിയുള്ള ആളാണ്.
കോണ്‍ഗ്രസ് അമിതാഭ് ബച്ചനെ പോലെ ഉയര്‍ന്നുനിന്നിരുന്നു ഒരിക്കല്‍, ഇപ്പോളത് ഇന്ദ്രന്‍സിനെ പോലെയായി- മന്ത്രി വാസവന്റെ നിരീക്ഷണം. ഇത് ഇന്ദ്രന്‍സിനെ പോലൊരു മഹാനടനെ ബോഡിഷെയിമിംഗ് നടത്തുന്നതാണെന്ന് പ്രതിപക്ഷം. വി.ഡി സതീശന്‍ അത് സഭയില്‍ ഉന്നയിക്കുകയും ചെയ്തു. മന്ത്രി ഉടന്‍ തന്നെ സ്പീക്കര്‍ക്ക് കത്ത് നല്‍കി, പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കി.കേസെടുത്താല്‍ അത് പിന്‍വലിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി അത്ര പെട്ടെന്നൊന്നും വഴങ്ങില്ല. കെ റെയില്‍ കേസുകള്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെയെങ്കില്‍ വിഴിഞ്ഞം സമരത്തില്‍ ആര്‍ച്ച് ബിഷപ്പിനെതിരെ എടുത്ത കേസോ എന്ന് അനൂപ് ജേക്കബ്. അത് നിയമാനുസൃതമാണെന്ന് മുഖ്യമന്ത്രി. 16 സബ്മിഷനുകള്‍ക്ക് ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി നല്‍കി. അഞ്ച് ബില്ലുകളാണ് സഭ ഇന്നലെ ചര്‍ച്ചക്കെടുത്തത്.