X

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ നിലപാടില്‍ കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രതികരണം

ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ നിലപാടില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. കുമ്പസാരം നിരോധിക്കണമെന്ന രേഖാ ശര്‍മ്മയുടെ അഭിപ്രായം സര്‍ക്കാറിന്റെ നിലപാടല്ലെന്നും മതവിശ്വാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്നുമാണ് കേന്ദ്രമന്ത്രി സംഭവത്തില്‍ പ്രതികരിച്ചത്. രേഖ ശര്‍മ്മയുടെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിരുന്നു. കുമ്പസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്‌മെയിലിങ്ങിന് ഇരയാകുന്നുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞിരുന്നു. സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുമ്പോള്‍ പുരുഷന്മാരില്‍ നിന്ന് പണം തട്ടാനും വഴിയൊരുക്കുന്നതിനാലാണ് കുമ്പസാരം നിരോധിക്കാന്‍ ശിപാര്‍ശ ചെയ്തതെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കിയിരുന്നു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയും ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ ഒരു വനിതയും ഉന്നയിച്ച പീഡന പരാതികള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്‍ നിലപാടിനെതിരെ ന്യൂനപക്ഷ കമ്മീഷനും വനിതാ കമ്മീഷനെതിരെ രംഗത്തെത്തിയിരുന്നു. ഫെമിനിസ്റ്റ് ആശയം അതിരു കടക്കുകയാണെന്നായിരുന്നു ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ പ്രതികരിച്ചത്.

chandrika: