X

ടൈം മാഗസിന്റെ കവറില്‍ സ്വന്തം ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് കൂട്ടിച്ചേര്‍ത്ത് കണ്ണന്താനാത്തിന്റെ പ്രചരണം

കൊച്ചി: ടൈം മാഗസിന്റെ കവറില്‍ സ്വന്തം ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് കൂട്ടിച്ചേര്‍ത്ത എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വെട്ടിലായി. 1994ല്‍ പുറത്തിറങ്ങിയ മാഗസിനില്‍ കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാണ് കണ്ണന്താനത്തിന്റെ തട്ടിപ്പ് കയ്യോടെ പിടികൂടാന്‍ കാരണമായത്.

1994 ഡിസംബര്‍ അഞ്ചിന് ഇറക്കിയ ടൈം മാഗസിന്റെ കവറിലാണ് തന്റെ ചിത്രം ഫോട്ടോ ഷോപ്പിലൂടെ കണ്ണന്താനം ഒട്ടിച്ചു വെച്ച് പ്രചരിപ്പിക്കുന്നത്. കണ്ണന്താനം തന്നെയാണ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തത്.

യു.എസിലെ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കാവുന്ന 40 വയസില്‍ താഴെയുള്ള 50 നേതാക്കളെക്കുറിച്ച് പറയുന്ന മാഗസിനില്‍ ദീപശിഖയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. അതില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് തന്റെ ചിത്രം ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു കണ്ണന്താനം. ടൈം മാഗസിന്റെ യഥാര്‍ത്ഥ മുഖചിത്രം ഇപ്പോഴും വെബ്‌സൈറ്റില്‍ ലഭ്യമാണെന്നിരിക്കെയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് കണ്ണന്താനത്തിന്റെ വ്യാജ പ്രചരണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: