സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ വരുന്ന ട്രോളുകളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തതുകൊണ്ടാണ് മലയാളികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹാസങ്ങള്‍ തൊടുത്തുവിടുന്നതെന്ന് കണ്ണന്താനം പറഞ്ഞു. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റേയും ഭാര്യ ഷീലയുടേയും ചില പരാമര്‍ശങ്ങള്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത ട്രോളുകള്‍ക്കിരയായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മറ്റൊരു പണിയും ഇല്ലാത്തവരാണ് ട്രോളുകള്‍ക്ക് പിന്നിലെന്നും ആരിതൊക്കെ ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ പരിഹസിക്കട്ടെ. തനിക്കിതൊക്കെ തമാശയാണ്. ചിരിക്കേണ്ടവര്‍ ചിരിക്കട്ടെ. സാമൂഹ്യമാധ്യമങ്ങളില്‍ രാവിലെ മുതല്‍ തുടങ്ങുകയാണ് ചിലര്‍. എല്ലാവരും അത്തരക്കാരാണെന്നല്ല പറയുന്നതെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. തുടര്‍ന്ന് മലയാളികള്‍ക്കുനേരെ രൂക്ഷ വിമര്‍ശനമാണ് കണ്ണന്താനം നടത്തിയത്. എല്ലാവരും പങ്കുവെച്ചു ജീവിക്കുക എന്നതാണ് മോദിയുടെ ആശയം. ഇത് രാജ്യവ്യാപകമായി ആളുകള്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഞാനും എന്റെ പിള്ളേരും എന്നതാണ് മലയാളികളുടെ ചിന്ത. അതിനപ്പുറം ഒരു ലോകം അവര്‍ക്കില്ല. കാശുള്ളവര്‍ പാവപ്പെട്ടവരെക്കുറിച്ച് കൂടി ചിന്തിക്കണമെന്നും കണ്ണന്താനം പറഞ്ഞു. 67ശതമാനം പേര്‍ക്ക് കക്കൂസ് ഇല്ല എന്ന് പറയുന്നത് നാണക്കേടാണെന്നും പറഞ്ഞ കണ്ണന്താനം വേങ്ങരയിലെ യു.ഡി.എഫ് വിജയത്തില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.
നേരത്തെ, കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ വേളയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ നടത്തിയ ചില പരാമര്‍ശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകള്‍ക്കിരയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ച ട്രോളുകളില്‍ വിഷമമുണ്ടെന്ന് ഭാര്യ ഷീല പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് ട്രോളുകളോടുള്ള കണ്ണന്താനത്തിന്റെ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.