മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരായ ഹര്‍ജിയില്‍ ബി.ജെ.പി.യെ കക്ഷി ചേര്‍ക്കണമെന്ന് മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. മതങ്ങളുടെ പേര് ഉപയോഗിക്കുന്ന ശിവസേനയും ശിരോമണി അകാലിദളും ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ലീഗ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മത ചിഹ്നം ഉപയോഗിക്കുന്ന മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെ കേസില്‍ കക്ഷി ചേര്‍ക്കാത്തതിനാല്‍ ഹര്‍ജി തള്ളണമെന്ന് ലീഗിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും ആവശ്യപ്പെട്ടു. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യദ് വസീം റിസ്വി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് മുസ്ലിംലീഗ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
ബി.ജെ.പിയുടെ ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ ചിഹ്നമാണെന്ന് മുസ്‌ലിം ലീഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുശ്യന്ത് ദവെ പറഞ്ഞു. ശിവസേന, ശിരോമണി അകാലിദള്‍, ഹിന്ദു സേന, ഹിന്ദുമഹാസഭ, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, ഇസ്‌ലാം പാര്‍ട്ടി ഹിന്ദ് തുടങ്ങി മറ്റ് 26 പാര്‍ട്ടികളേയും കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ഹിന്ദുമത വിശ്വാസ പ്രകാരം വിശുദ്ധ താമരയുടെ ആത്മാവാണ് ഓരോ മനുഷ്യരും. താമര അനശ്വരത, ശുദ്ധത, ദൈവികത എന്നിവയെ പ്രതിനിധീകരിക്കുന്നു. ജീവന്റേയും ഫലഭൂവിഷ്ടതയുടേയും അടയാളമായി ഇത് ഉപയോഗിക്കുന്നു. താമര പൂവ് സ്ത്രീ സൗന്ദര്യത്തേയും കണ്ണുകളേയും വിവരിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നുണ്ട്.
ബുദ്ധമതക്കാര്‍ മനുഷ്യ ജീവന്റെ ഏറ്റവും ഉന്നത സ്ഥാനത്തെ അടയാളപ്പെടുത്താനാണ് താമര ഉപയോഗിക്കുന്നത്. ഹിന്ദുമതത്തില്‍ വിഷ്ണു, ബ്രഹ്മാവ്, ശിവന്‍, ലക്ഷ്മി മാത എന്നിവരുമായും ബന്ധപ്പെടുന്നതാണ് താമരയെന്നും മുസ്‌ലിം ലീഗിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും വാദിച്ചു. സമാനമായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇതോടെ ഈ ഹര്‍ജിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുന്‍ യു.പി ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് വസീം റിസ്‌വിയാണ് ( നിലവില്‍ ഹിന്ദു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത് ജീതേന്ദ്ര നാരായണ്‍ സിങ് എന്ന് പേരുമാറ്റിയിട്ടുണ്ട്.) ഹര്‍ജിക്കാരന്‍. ഹര്‍ജി പരിഗണിക്കുന്നത് മെയ് മാസത്തിലേക്ക് സുപ്രീംകോടതി മാറ്റി. നേരത്തെ വിചാരണ വേളയില്‍ ഹര്‍ജിക്കാരന്‍ ഒരു വിഭാഗത്തെ മാത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഹര്‍ജിക്കാരന്‍ അതിരുകടക്കുകയാണെന്നും അനുഛേദം 32 ഈ കേസില്‍ പരിഗണിക്കാനാവില്ലെന്നും എ. ഐ.എം.ഐ.എമ്മിനു വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. മതപരമായ പേരുള്ള മുഴുവന്‍ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ ഹര്‍ജിക്കാരന്‍ ഉള്‍ക്കൊള്ളാത്തതിനാല്‍ ഹര്‍ജി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് പാര്‍ട്ടികളെ മുസ്‌ലിം പേരുണ്ടെന്നതിന്റെ പേരില്‍ നിരോധിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നും കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. വേണുഗോപാലിന്റെ ആവശ്യത്തെ ദുഷ്യന്ത് ദവെയും പിന്തുണച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ മതസൂചനയുണ്ടെന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ 1951ലെ ജനപ്രാതിനിത്യ നിയത്തില്‍ വകുപ്പില്ലെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു.