ന്യൂഡല്‍ഹി: സി.ബി.ഐയില്‍ ഡയരക്ടര്‍ അലോക് വര്‍മയുടെ വന്‍ അഴിച്ചുപണി. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. രാകേഷ് അസ്താനക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുതിയ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അലോക് വര്‍മ തിരിച്ചെത്തിയത്.
സ്ഥാനമേറ്റ ഉടന്‍ തന്നെ താല്‍ക്കാലിക ഡയരക്ടര്‍ നടത്തിയ എല്ലാ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും അലോക് വര്‍മ റദ്ദാക്കിയിരുന്നു. ഡെപ്യൂട്ടി എസ്.പി എകെ ബസ്സി, എസ്.എസ് ഗുറം, ഡി.ഐ.ജി എംകെ സിന്‍ഹ, ജോയിന്റ് ഡയരക്ടര്‍ എ.കെ ശര്‍മ എന്നിവര്‍ക്കെതിരായ സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്.
അലോക് വര്‍മയുടെ ഭാവി തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതാധികാര യോഗം ഡല്‍ഹിയില്‍ ചേരുന്നതിനിടെയാണ് നിര്‍ണായക നീക്കവുമായി അലോക് വര്‍മ രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരാണ് യോഗത്തില്‍ സംബന്ധിക്കുന്നത്.