തിരുവനന്തപുരം: വിവാദമായ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വാദങ്ങളെ പൊളിച്ചടുക്കി അലോക് കുമാര്‍ വര്‍മ്മ. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് കെ റെയിലുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയ അലോക് വര്‍മ്മ തന്നെ കെ റെയിലിനെ തള്ളിപ്പറഞ്ഞത്.
നിലവിലെ ഡി.പി.ആര്‍ വെച്ച് സില്‍വര്‍ലൈന്‍ പൂര്‍ത്തിയാക്കാന്‍ 25 കൊല്ലം വേണ്ടി വരുമെന്നും കൃത്യമായ പഠനം നടത്താതെ സര്‍ക്കാര്‍ എടുത്തു ചാടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ ഡി.പി.ആര്‍ കെട്ടിച്ചമച്ച സാങ്കല്‍പിക സൃഷ്ടി മാത്രമാണ്. ഇതൊരു പ്രായോഗികമായ പദ്ധതിയല്ല. ഡി.പി.ആര്‍ അപര്യാപ്തമാണ്. ഡി.പി.ആറെന്നു പോലും വിളിക്കാനാകില്ല. വേണ്ടത്ര സര്‍വേകള്‍ നടത്തിയിട്ടില്ല. 80,000 യാത്രക്കാര്‍ ദിവസവും ഉണ്ടാകുമെന്നാണു പറഞ്ഞത്. ആ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണ്. കണക്കുകള്‍ ശരിയല്ല. ഡി.പി.ആര്‍ തള്ളിക്കളയണമെന്നും ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം കെ റെയിലില്‍ എതിര്‍പ്പുകള്‍ തണുപ്പിക്കാനുള്ള വിശദീകരണ യോഗത്തിന് എല്‍.ഡി.എഫ് തുടക്കമിട്ടു. വരും തലമുറയെ കണ്ടുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്ന് തലസ്ഥാനത്തെ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ചിലര്‍ പ്രതിഷേധത്തിലേക്ക് വരുന്നു. എല്ലാ മേഖലയും വികസിച്ച് വരണം. പശ്ചാത്തല സൗകര്യ വികസനം പ്രധാന ഘടകമാണ്. നമുക്ക് വിഭവ ശേഷി കുറവാണ്. ബജറ്റിന് മുഴുവന്‍ ചെലവും വഹിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ പദ്ധതിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലുണ്ടായത്. നാടിനും നാട്ടുകാര്‍ക്കും വേണ്ടാത്ത വികസനമെന്നാണ് സി.പി.എമ്മിന്റെ യുവജനവിഭാഗം പറയുന്നത്. അലോക് വര്‍മ്മയുടെ വിമര്‍ശനത്തിന് പിന്നാലെ കെ റെയിലിനെതിരായ പ്രതിഷേധം ശക്തമാകുന്ന സൂചനയാണുള്ളത്. പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കിയ വിദഗ്ധന്‍ തന്നെ അതിനെതിരെ വിമര്‍ശനമുന്നയിച്ചതോടെ സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത തന്നെ നഷ്ടമായി. വര്‍മ്മയുടെ പ്രതികരണത്തിന് പിന്നാലെ വിശദീകരണവുമായി കെ റെയില്‍ കമ്പനി രംഗത്തെത്തി.