കല്‍പ്പറ്റ: എളുപ്പവഴിയില്‍ സമ്പന്നരാവാനും നൂലാമാലകളില്ലാതെ ലോണ്‍ നേടാനുമാവുമെന്ന മോഹ വലയത്തില്‍ കുടുങ്ങി ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളില്‍ കയറുന്നവര്‍ പെടുന്നത് അഴിയാക്കുരുക്കിലേക്ക്. അരിമുള ചിറകോണത്ത് അജയരാജ് എന്ന 44കാരന്‍ ആത്മഹത്യ ചെയ്തതോടെ വയനാട് ജില്ലയിലും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നവരുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് കടമക്കുടിയിലെ കൂട്ട ആത്മഹത്യയുടെ നടുക്കം മാറും മുമ്പ് വയനാട്ടില്‍ സമാനമായ സംഭവത്തില്‍ ഒരു ആത്മഹത്യകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആശങ്ക ഉയരുകയാണ്.
വെളളിയാഴിച്ച് രാവിലെയാണ് അജയരാജിനെ കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മീനങ്ങാടി അരിമുള എസ്റ്റേറ്റിലാണ് അജയരാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അജയരാജിന്റെ മരണത്തിന് ശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പറുകളിലേക്ക് ലോണ്‍ ആപ്പില്‍ നിന്നും വ്യാജമായി നിര്‍മ്മിച്ച ചിത്രങ്ങളും ഭീഷണി ഉളവാക്കുന്ന സന്ദേശങ്ങളും ലഭിച്ചുകൊണ്ടിരുന്നു. ഈ ഭീഷണിയെ തുടര്‍ന്നുളള മാനഹാനി കൊണ്ടാകാം അജയരാജ് തൂങ്ങിമരിച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലഭിച്ച സുഹൃത്തിന്റെ ഫോണില്‍ നിന്ന് സന്ദേശം അയച്ച നമ്പറിലേക്ക് പൊലീസ് ബന്ധപ്പെടുകയും അജയരാജ് ആത്മഹത്യ ചെയ്ത വിവരം അറിയിക്കുകയും ചെയ്തപ്പോള്‍ പരിഹാസമായിരുന്നു മറുപടി. സന്ദേശമയച്ച നമ്പറുകള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളതെന്നാണ് പ്രാഥമിക നിഗമനം. ഹിന്ദിയിലാണ് ഭീഷണിപ്പെടുത്തല്‍. ഈ നമ്പറുകളും പൊലീസ് പരിശോധിച്ച് വരികയാണ്. ഭീഷണി മുഴക്കിയ ആള്‍ കാന്‍ഡി ക്യാഷ് ലോണ്‍ ആപ്പ് എന്ന പേര് പറയുന്നതായുള്ള ശബ്ദം പൊലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, ഭീഷണി, ഐടി വകുപ്പ് അനുസരിച്ച് മീനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കടമക്കുടിയിലെ കൂട്ട ആത്മഹത്യയടക്കം ഇത്തരം ലോണ്‍ ആപ്പുകള്‍ മൂലം ജീവനൊടുക്കേണ്ടി വരുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടുകയാണ്. കഴുത്തറപ്പന്‍ പലിശയാണ് ലോണിനായി ഇത്തരം ആപ്പുകള്‍ ഈടാക്കുന്നത്. മൊബൈല്‍ഫോണിലെ നമ്പറുകളും ചിത്രങ്ങളും തുടങ്ങി എല്ലാ വിവരങ്ങളും ഇവര്‍ ആദ്യമേ ശേഖരിക്കും.
തിരിച്ചടവ് മുടങ്ങിയാല്‍ ഈ നമ്പറുകളിലേക്ക് ഭീഷണി സന്ദേശവും മോര്‍ഫ് ചെയ്ത ചിത്രവും അയച്ചുതുടങ്ങും. പത്താനപുരം, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി പേര്‍ ഇത്തരം കുരുക്കില്‍പ്പെട്ടിട്ടുണ്ടെന്നാണ് സൈബര്‍ സെല്ലിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വ്യക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാധാരണക്കാരാണ് ഇത്തരം തട്ടിപ്പുകളില്‍ ഇരയാക്കപ്പെടുന്നതിലധികവും. നേരത്തേ കമ്പളക്കാട് ചില വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയില്‍ ഗെയിമുകളുടെ സ്വാധീനമുണ്ടായിരുന്നുവെന്നത് വലയി വാര്‍ത്തയായിരുന്നു. താരതമ്യേന സോഷ്യല്‍ മീഡിയകളുടെയും അവയിലെ ആപ്പുകളുടെയും ഗെയിമുകളുടെയും ഉപയോഗം കുറഞ്ഞതെന്ന് കരുതുന്ന വയനാട്ടിലും ഇത്തരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്കക്കിടയാക്കുന്നുണ്ട്.