X

എന്റെ രാഷ്ട്രീയം ചുവപ്പല്ല ; രജനികാന്തിന്റെ രാഷ്ട്രീയ നിറം കാവി ആകരുത് : കമല്‍ഹാസന്‍

ഹാര്‍വാര്‍ഡ്: തമിഴ് രാഷ്ട്രീയത്തില്‍ ചുവടുവെച്ച നടനും തന്റെ സുഹൃത്തുമായ രജനികാന്ത് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് ബി.ജെ.പി അനുകൂലമാകരുതെന്ന് നടന്‍ കമല്‍ഹാസന്‍. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം തന്റെ പ്രസംഗത്തിനിടെയായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ നിലപാട് കാവി ആകരുതെന്ന് പറഞ്ഞത്.

‘എന്റെ രാഷ്ട്രീയം ചുവപ്പല്ല. രജനികാന്തിന്റെ രാഷ്ട്രീയ നിറം കാവി ആകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇനി അഥവാ കാവിയാണെങ്കില്‍ അദ്ദേഹവുമായി ഒരു സഖ്യവും ഒരിക്കലും സാധ്യമല്ല’, കമല്‍ഹാസന്‍ തന്റെ നയം വ്യക്തമാക്കി.

‘എന്റെ സമകാലികരുടെ ചിത്രങ്ങളില്‍ വ്യത്യസ്തമായിരുന്നു എന്റെ സിനിമകള്‍. അതുപോലെ തന്നെയാവും എന്റെ രാഷ്ട്രീയ നിലപാടും. ഏതെങ്കിലും നിശ്ചിത രാഷ്ട്രീയ ആശയത്തോടൊപ്പം നില്‍ക്കുക എന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തെ വിശകലനം ചെയ്ത ശേഷമാകും എന്റെ തീരുമാനം. തമിഴ്‌നാടിനെ അഴിമതി വിരുദ്ധമാക്കുകയെന്നതാണ് ഞാനുയര്‍ത്തിപ്പിടിക്കുന്ന ലക്ഷ്യം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമേശ്വരത്ത് ഫെബ്രുവരി 21ന് കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് തന്റെ നിലപാട് വ്യക്തമാക്കിത്. ഇവിടെ നിന്ന് ഇദ്ദേഹം സംസ്ഥാന ജാഥയും ആരംഭിക്കും. ‘നാളൈ നമതേ’ എന്നാണ് യാത്രയുടെ പേര്. ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കാനാണ് ഈ റാലിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

chandrika: