X
    Categories: keralaNews

പി.പി ചിത്തരഞ്ജന്റെ ഗ്രൂപ്പ് മോഹത്തിന് കനത്ത തിരിച്ചടി : നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തത് ഏരിയാസെക്രട്ടറി ബാബുജാന്‍

ആലപ്പുഴയിലെ സി.പി.എമ്മില്‍ പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള പി.പി ചിത്തരഞ്ജന്‍ എം.എല്‍.എയുടെ നീക്കങ്ങള്‍ക്ക് കൂടിയാണ് തരംതാഴ്ത്തലിലൂടെ പാര്‍ട്ടി സംസ്ഥാന നേതൃത്വം തടയിട്ടത്. എം.എല്‍.എ പദവി വഹിക്കുന്നയാളെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തരംതാഴ്ത്തിയത് ചിത്തരഞ്ജന് പാര്‍ട്ടിക്ക് പുറത്തും നാണക്കേടായി. നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തത് ഏരിയാസെക്രട്ടറി ബാബുജാന്‍ ആണെന്നും വ്യക്തമായി.
തോമസ് ഐസക്കിന്റെ പിന്‍ഗാമിയെന്ന വിശേഷണത്തോടെ ഗ്രൂപ്പ് മാനേജര്‍മാരെ സൃഷിച്ചുള്ള പ്രവര്‍ത്തനമായിരുന്നു ചിത്തരഞ്ജന്‍ അടുത്തകാലത്തായി ആലപ്പുഴ കേന്ദ്രീകരിച്ച് നടത്തി പോന്നത്. രാഷ്ട്രീയ അധികാരം ഉള്ളവരുടെ പിന്നില്‍ അണിനിരക്കുന്ന പാരമ്പര്യമുള്ള ആലപ്പുഴ സി.പി.എമ്മില്‍ നഗരവും വടക്കന്‍ മേഖലയും കേന്ദ്രീകരിച്ച് എം.എല്‍.എ പദവിയുടെ പിന്‍ലബലത്തില്‍ ഗ്രൂപ്പ് സൃഷ്ടിക്കാനായിരുന്നു ചിത്തരഞ്ജന്‍ ശ്രമിച്ചിരുന്നത്. കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ നോര്‍ത്ത്-സൗത്ത് ഏരിയ തലങ്ങളില്‍ തന്റെ പോരാട്ട വീര്യം പ്രകടിപ്പിച്ച ചിത്തരഞ്ജനെ താല്‍ക്കാലത്തേക്ക് ദുര്‍ബലമാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്കുള്ള തരംതാഴ്ത്തലിന് കഴിയുമെങ്കിലും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടയാന്‍ ഇപ്പോഴത്തെ നടപടി പോരാതെ വരും. ജി. സുധാകരന്‍- തോമസ് ഐസക്ക് ഗ്രൂപ്പുകള്‍ സമീപകാലത്ത് വരെ അടക്കി ഭരിച്ചിരുന്ന ആലപ്പുഴ സി.പി.എമ്മില്‍ ഇവരുടെ അധികാരം നഷ്ടമായ ശേഷമാണ് മന്ത്രി സജി ചെറിയാന്‍-ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഗ്രൂപ്പുകള്‍ കരുത്താര്‍ജിച്ചത്. ജില്ലാ സെക്രട്ടറി ആര്‍ നാസറിനോട് അനുഭാവം പ്രകടിപ്പിക്കുമ്പോഴും സ്വന്തമായി ഗ്രൂപ്പ് സൃഷ്ടിക്കാനായി ചിത്തരഞ്ജന്‍ താഴെതട്ടില്‍ ശ്രമിച്ചിരുന്നു.
മുന്‍പ് ജി. സുധാകരന്റെ കടുത്ത എതിരാളിയായിരുന്നെങ്കില്‍ ഇടക്കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായി മാറിയാണ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് എത്തുന്നത്. കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് വലിയ വിഭാഗീയതാണ് അരങ്ങേറിയത്. ബ്രാഞ്ച്-ലോക്കല്‍ തലങ്ങള്‍ മുതല്‍ സജി ചെറിയാന്‍-ചിത്തരഞ്ജന്‍ ഗ്രൂപ്പുകള്‍ വീറോടെയാണ് പോരടിച്ചത്. ഏരിയ തലത്തിലേക്ക് എത്തിയപ്പോഴേക്കും ഇരുപക്ഷങ്ങളും നേരിട്ട് ഏറ്റുമുട്ടി. നോര്‍ത്ത് ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ചിത്തരഞ്ജന്‍ അനുകൂലികളെ സജി ചെറിയാന്‍ പക്ഷം വെട്ടിനിരത്തിയപ്പോള്‍ സൗത്ത് ഏരിയ കമ്മിറ്റിയില്‍ മന്ത്രിയുടെ ഗ്രൂപ്പുകാരെ കൂട്ടത്തോടെ വെട്ടിയാണ് ചിത്തരഞ്ജന്‍ പക്ഷം പകരം വീട്ടിയത്.
മന്ത്രി സജി ചെറിയാന് എതിരായി ശബ്ദം ഉയര്‍ത്തുന്നരെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് സി.പി.എമ്മില്‍ ഇപ്പോള്‍ നടക്കുന്നതെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. എന്നാല്‍ സജി ചെറിയാന്റെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ലഹരികേസില്‍ കുടുങ്ങിയ എ. ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കിയത് സജി ചെറിയാന്‍ ക്യാമ്പിനും ക്ഷീണമായി.

 

Chandrika Web: