X
    Categories: indiaNews

ഭിന്നശേഷിയുള്ള കുട്ടിക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രാനുമതി നിഷേധിച്ചു

റാഞ്ചി: ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയതായി ആരോപണം. റാഞ്ചി വിമാനത്താവളത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. രക്ഷിതാക്കളോടൊപ്പം ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയെ ഭിന്നശേഷിക്കാരനായ കുട്ടിയെ ജീവനക്കാര്‍ തടയുകയായിരുന്നു. കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ അത് വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് ഇന്‍ഡിഗോ ജീവനക്കാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്്. മനീഷ ഗുപ്ത എന്ന യാത്രക്കാരിയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഇതോടെ വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ഇന്‍ഡിഗോ രംഗത്ത് വന്നു. കുട്ടി പരിഭ്രാന്തനായതിനാലാണ് ആ സമയത്ത് രക്ഷിതാക്കളോടൊപ്പം യാത്ര ചെയ്യാന്‍ കഴിയാതിരുന്നത്. കുട്ടി ശാന്തനാകുന്നതിനായി ജീവനക്കാര്‍ കാത്തിരുന്നുവെന്നും പക്ഷെ ഫലമുണ്ടായില്ലെന്നും കമ്പനി വിശദീകരിച്ചു. കുട്ടിക്കും രക്ഷിതാക്കള്‍ക്കും ഹോട്ടലില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നുവെന്നും തിങ്കളാഴ്ച ഇവര്‍ യാത്ര തിരിച്ചെന്നും കമ്പനി വ്യക്തമാക്കി. എല്ലാവരെയും ഉള്‍ക്കൊള്ളുക കമ്പനിയുടെ നയമാണെന്നും പ്രതിമാസം 75,000 ഭിന്നശേഷിക്കാര്‍ തങ്ങളുടെ വിമാനങ്ങളില്‍ യാത്രചെയ്യുന്നതായും ഇന്‍ഡിഗോ വ്യക്തമാക്കി.

അതേസമയം വിഷയത്തില്‍ വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോയോടു റിപ്പോര്‍ട്ട് തേടി. വിമാനക്കമ്പനിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ജീവനക്കാരില്‍നിന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ല. വ്യക്തിപരമായിത്തന്നെ വിഷയത്തില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Chandrika Web: