മധ്യപ്രദേശിലെ രത്‌ലാമില്‍ ഗണേശചതുര്‍ത്ഥി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം. ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്നാരോപിച്ച് ജനങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
പത്ത് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനുവേണ്ടി കൊണ്ടു പോകുന്ന ഘോഷയാത്രയ്ക്ക് നേരെയാണ് കല്ലേറുണ്ടായെന്ന ആരോപണം.
ശനിയാഴ്ച രാത്രി രത്‌ലാം നഗരത്തിലെ മോച്ചിപുര മേഖലയിലാണ് ആദ്യ സംഘര്‍ഷമുണ്ടായതെന്ന് പൊലീസില്‍ നിന്നുള്ള വിവരം. പന്തല്‍ എന്ന പ്രദേശത്തിനു സമീപത്തു നിന്നും കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റതായി പൊലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ ലോധ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗണേശചതുര്‍ത്ഥി ഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അഞ്ഞൂറോളം പേര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധത്തില്‍ പൊലീസ് വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ബലംപ്രയോഗിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു. രത്‌ലാമിലെ പ്രധാന നഗരങ്ങളില്‍ കനത്ത സുരക്ഷ ഉറപ്പാക്കിയതായി പൊലീസ് അറിയിച്ചു.