ഉത്തര്‍പ്രദേശില്‍ നാളെ വൊട്ടെണ്ണല്‍ നടക്കാനിരിക്കെ വാരണാസിയിലെ എഡിഎമ്മിനെ വോട്ടെണ്ണല്‍ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് തീരുമാനം. കഴിഞ്ഞ ദിവസം വാരണാസിയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കടത്തിക്കൊണ്ടുപോയെന്ന് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ബി.ജെ.പി ഉത്തര്‍പ്രദേശില്‍ പരാജയപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അഖിലേഷ് ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പരിശീലന ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും അവ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞത്. വാരണാസിയിലെ എഡിഎമ്മിനെ വോട്ടെണ്ണല്‍ ജോലിയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ അഖിലേഷ് ഉന്നയിച്ച ആരോപണം ശരിയാണെന്ന വസ്തുതയാണ് പുറത്തേക്ക് വരുന്നത്.