കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഒമ്പത് ആക്ടിവിസ്റ്റുകള്‍ക്കും 2 നഴ്‌സുമാര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ഫെബ്രുവരി 22ന് സംസ്ഥാനത്തെ കലബുറഗി ജില്ലയില്‍ ആണ് സംഭവം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടനയായ ഹിന്ദു ജാഗ്രതി സേന നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്.
കലബുറഗി ജില്ലയിലെ റാത്കല്‍ ഗ്രാമത്തിലെ ഏതാനും ആളുകളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ രണ്ട് ക്രിസ്ത്യന്‍ നഴ്സുമാര്‍ ശ്രമിച്ചതായാണ് ഹിന്ദു ജാഗ്രതി സേനയുടെ ആരോപണം. കുറ്റാരോപിതരായ നഴ്‌സുമാര്‍ പണം വാഗ്ദാനം ചെയ്ത് ആളുകളെ ക്രിസ്ത്യന്‍ മതത്തിലേക്ക് നിര്‍ബന്ധിച്ച് പരിവര്‍ത്തനം ചെയ്യിച്ചുവെന്ന് ഹിന്ദു ജാഗ്രതി പരാതിയില്‍ പറയുന്നു. മതപ്രഭാഷകരെ മുന്‍നിര്‍ത്തി നിര്‍ബന്ധിച്ച് ആളുകളെ കൊണ്ട് ബൈബിള്‍ വായിപ്പിച്ചുവെന്നും ഹിന്ദു ജാഗ്രതി സേന ആരോപിച്ചു.
സേനയിലെ അംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി നഴ്സുമാരെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നഴ്സുമാരും ആക്ടിവിസ്റ്റുകളും റാത്കല്‍ ഗ്രാമത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതായും ഹിന്ദു ജാഗ്രതി സേന ആരോപണം ഉയര്‍ത്തി. ഹിന്ദു മതത്തെ വ്രണപ്പെടുത്താനുള്ള നീക്കമാണ് സംസ്ഥാനത്ത് നടന്നതെന്നും ഈ നീക്കങ്ങള്‍ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ഹിന്ദു സംഘടന പറയുന്നു.
അതേസമയം നഴ്സുമാരില്‍ ഒരാളായ അശ്വിനി, ഹിന്ദു ജാഗ്രത സേന പ്രസിഡന്റ് ശങ്കര്‍ ചോക്ക, ബസവരാജ്, വിഷ്ണു എന്നിവര്‍ക്കെതിരെ അട്രോസിറ്റി ആക്ട്, ഐ.പി.സി വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.