X

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണം; വിജിലന്‍സ് സിഐയെ സ്ഥലം മാറ്റി

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം വന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ വിജിലന്‍സ് സി ഐ ബിനു മോഹനെ സ്ഥലം മാറ്റി. ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായ മുന്‍ പഞ്ചായത്ത് പ്രഡിന്റ് പി പി ദിവ്യയുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളില്‍ ബിനു മോഹന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിനു മോഹനെതിരെ നടപടി.

പി പി ദിവ്യയുടെ ബിനാമി കമ്പനി എന്ന് കാര്‍ട്ടണ്‍ കമ്പനിയുടെ ഡയറക്ടര്‍ ബിനു മോഹന്റെ സഹോദരനായ ബിജു മോഹനാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു.

എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നും വിമര്‍ശനം വന്നിരുന്നു. പെട്രോള്‍ പമ്പ് ഉടമ പ്രശാന്തനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബിനു മോഹനായിരുന്നെന്നും ഇതിലൂടെ പി പി ദിവ്യയെ സഹായിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

 

webdesk17: