ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.
മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് വിദേശ സംഭാവന രജിസ്‌ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല. വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുതെന്നും എന്‍.ജി.ഒ അധിക്യതര്‍ തിരിച്ചയച്ച മെയിലുകള്‍ക്ക് ഒന്നും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല എന്നും ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ജി.ഒ അധികൃതര്‍ അറിയിച്ചു.
ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.