തുമ്പമണ്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് സി.പി.എം ചെയ്‌തെന്ന് കോണ്‍ഗ്രസ്. സി.പി.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട ദൃശ്യം പുറത്തുവിട്ടു.
കഴിഞ്ഞ ശനിയാഴ്ചയാണ് തുമ്പമണ്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. എന്നാല്‍, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കി വോട്ട് രേഖപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
സി.പി.എം. പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമായ ഏതാനും പേര്‍ വരിനില്‍ക്കുന്നതും വോട്ട് ചെയ്ത് മടങ്ങുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടല്‍ ലോക്കല്‍ സെക്രട്ടറി ഉന്മേഷ്, കൊടുമണ്‍ ഏരിയാ കമ്മിറ്റി അംഗം സോബി, ബ്രാഞ്ച് സെക്രട്ടറി ദീപു, ബ്രാഞ്ച് അംഗം വിജയന്‍, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ ശ്രീജിത്ത് കെ, ഓമനക്കുട്ടന്‍, വഖാസ് തുടങ്ങിയവരുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് പൊലീസിന്റേയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ വ്യാപകമായി കള്ളവോട്ട് ചെയ്ത് സഹകരണബാങ്കിന്റെ ഭരണം പിടിക്കാന്‍ സി.പി.എം. ശ്രമിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.