മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവനയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഒരു കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വക്കീല്‍ നോട്ടീസ് അയച്ചു.
യഥാര്‍ഥ വിവരങ്ങള്‍ കാണിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റിനെ വ്യാജമെന്ന് പൊതുമണ്ഡലത്തില്‍ തെറ്റിദ്ധരിപ്പിക്കാനാണ് ഗോവിന്ദന്‍ ശ്രമിച്ചത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ഇതു മാനഹാനിയുണ്ടാക്കി. വാര്‍ത്താ സമ്മേളനം വിളിച്ച് ഗോവിന്ദന്‍ മാപ്പു പറയണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടു. അഡ്വ. മൃദുല്‍ ജോണ്‍ മാത്യു മുഖാന്തരമാണ് നോട്ടിസ് അയച്ചത്.
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ചതെന്ന എംവി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഏഴ് ദിവസത്തിനകം ക്ഷമചോദിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
രാഹുല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അതിനാലാണ് കോടതി ജാമ്യം നിഷേധിച്ചതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇതിനു പിന്നാലെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിയിക്കാന്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ ഗോവിന്ദനെ വെല്ലുവിളിച്ചു. വിഷയത്തില്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് രാഹുല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.