X

കെ.സുരേന്ദ്രന്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അനധികൃത നിയമനം

ന്യൂഡല്‍ഹി: സിപിഎമ്മിനു പിന്നാലെ ബന്ധുനിയമന വിവാദത്തില്‍ കുഴങ്ങി ബി.ജെ.പിയും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ കെ.എസ്.ഹരികൃഷ്ണന് കേന്ദ്ര സര്‍ക്കാറിന്റെ സ്വയംഭരണ സ്ഥാപനത്തില്‍ നിയമനം നല്‍കിയതായി ആരോപണം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കിയെന്നതാണ് ആരോപണം.

നിയമനം സംബന്ധിച്ച വിവരങ്ങള്‍ തേടുമ്പോള്‍ കൃത്യമായ വിശദീകരണം നല്‍കുന്നില്ലെന്ന് പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ബിടെക് മാത്രം അടിസ്ഥാന യോഗ്യതയുള്ള വ്യക്തിയെ ഈ തസ്തികയിലേക്ക് നിയമിച്ചതായാണ് പരാതി. മുന്‍കാലങ്ങളില്‍ ശാസ്ത്രവിഷയങ്ങളിലുള്ളവരെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ സുരേന്ദ്രന്റെ മകനു വേണ്ടി ബിടെക് അടിസ്ഥാന യോഗ്യതയായി കണക്കാക്കി ജോലി നല്‍കിയെന്നാണ് ആക്ഷേപം. ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് അപേക്ഷ ക്ഷണിച്ചത്. ആദ്യ ഘട്ടത്തില്‍ 48 വിദ്യാര്‍ത്ഥികള്‍ക്ക് എഴുത്ത് പരീക്ഷ നടന്നെങ്കിലും ഇവരില്‍ നിന്ന് തെരഞ്ഞെടുത്ത നാലു പേര്‍ക്ക് മാത്രമാണ് ലാബ് എക്‌സാം നടന്നത്. ഇതിനു പിന്നാലെയാണ് ഹരികൃഷ്ണനെ ഈ തസ്തികയിലേക്ക് നിയമിച്ചത്.

മൂന്നു ഘട്ടങ്ങളിലായി ധൃതിപ്പെട്ടാണ് പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയത്. റാങ്ക് പട്ടികയെ കുറിച്ചോ മറ്റു കാര്യങ്ങളെ കുറിച്ചോ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അന്വേഷിച്ചിട്ട് വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

 

Chandrika Web: