X

1,700 അനാഥകള്‍ക്ക് പഠന സഹായവുമായി ‘അല്ലമ ബില്‍ ഖലം’ പദ്ധതിക്ക് സമാരംഭം

 

ഷാര്‍ജ: ‘സായിദ് വര്‍ഷാ’ചരണവുമായി ബന്ധപ്പെട്ട് ഷാര്‍ജ സോഷ്യല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്‍ അനാഥകളുടെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ ‘അല്ലമ ബില്‍ ഖലം’ ആരംഭിച്ചു. അനാഥ മക്കളുടെ വിദ്യാഭ്യാസത്തെ വന്‍ തോതില്‍ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 1,700 അനാഥകള്‍ക്കാണ് ഈ പദ്ധതി മുഖേന സഹായം നല്‍കാന്‍ ഫൗണ്ടേഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഏറ്റവും മികച്ച അനാഥ വിദ്യാഭ്യാസ പദ്ധതിയാണിതെന്ന് ഷാര്‍ജ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ഷാര്‍ജ ചാരിറ്റി ഹൗസ്, ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രിയില്‍ ഇന്നലെ ഒരുക്കിയ ചടങ്ങില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ മുനാ അല്‍സുവൈദി, ഷാര്‍ജ പൊലീസ് മീഡിയ ആന്റ് പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ ആരിഫ് ഹുദൈബ് എന്നിവര്‍ അറിയിച്ചു.
ഭാവിയിലെ നേതാക്കളായി അനാഥകളെ പരിവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിച്ച് ഏറ്റവും ഗുണപരമായ പരിത:സ്ഥിതി സൃഷ്ടിക്കാന്‍ ഈ പദ്ധതി വഴി ഫൗണ്ടേഷന്‍ ലക്ഷ്യം വെക്കുന്നു. ഈ പദ്ധതിയില്‍ അനാഥകളുടെ വൈദഗ്ധ്യവും ശേഷിയും വികസിപ്പിക്കാനും യത്‌നിക്കുന്നതാണ്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അനാഥകള്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും നേതൃവൈഭവങ്ങളും നല്‍കാന്‍ ഈ പദ്ധതി മുഖേന സാധിക്കും. ‘പേന കൊണ്ട് പഠിപ്പിക്കുക’ എന്ന അര്‍ത്ഥത്തിലുള്ള പദ്ധതി ഏറ്റവും താഴെയുള്ള ക്‌ളാസ് മുതല്‍ പിജി ബിരുദ തലം വരെയുള്ള സഹായങ്ങളാണ് നല്‍കുന്നത്. വിദ്യാഭ്യാസത്തിന് പരമ പ്രാധാന്യം നല്‍കുന്ന വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള സൂക്തത്തെ ദ്യോതിപ്പിക്കുന്ന ഈ പദ്ധതി അനാഥകളുടെ വിദ്യാഭ്യാസ ശാക്തീകരണത്തില്‍ വലിയ പങ്ക് വഹിക്കും. ഷാര്‍ജ ചാരിറ്റി ഹൗസ് ട്രസ്റ്റീസ് ബോര്‍ഡ് മെംബര്‍ സാലം മുഹമ്മദ് അല്‍ഖയ്യാല്‍, ഷാര്‍ജ ടിവി മാനേജര്‍ സലീം അലി അല്‍ഗൈഥി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

chandrika: