ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം; സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീം കോടതി. വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച കേസ് പരിഗണിക്കും.

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി പ്രസ്താവം.

പതിനൊന്ന് വയസുള്ള കുട്ടിയുടെ മാറിടത്തില്‍ മോശമായി സ്പര്‍ശിച്ച രണ്ട് യുവാക്കളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതും പൈജാമ അഴിക്കാന്‍ ശ്രമിച്ചതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ ബെഞ്ച് വിധിക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

മാര്‍ച്ച് 17-ലെ വിധിന്യായത്തിലെ ആ വിവാദ ഭാഗം നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയാന്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

 

webdesk17:
whatsapp
line