X
    Categories: indiaNews

സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ സ്‌റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: സംഭല്‍ ഷാഹി മസ്ജിദുമായി ബന്ധപ്പട്ട കീഴ്‌ക്കോടതിയുടെ സര്‍വേ അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഫെബ്രുവരി 25 വരെയാണ് നടപടികള്‍ തടഞ്ഞത്. മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

2024 നവംബര്‍ 19ന് ഹിന്ദു സംഘടനകളുടെ ഹരജിയില്‍ സംഭല്‍ സിവില്‍ കോടതിയാണ് മസ്ജിദില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. മുഗള്‍ ഭരണകാലത്ത് നിര്‍മിച്ച മസ്ജിദ് യഥാര്‍ഥത്തില്‍ ഹരിഹര്‍ ക്ഷേത്രമായിരുന്നു എന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം. സംഭല്‍ കോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ മസ്ജിദില്‍ പ്രാഥമിക സര്‍വേയും നടത്തിയിരുന്നു.

രമേശ് രാഘവയുടെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷന്‍ നവംബര്‍ 24ന് രണ്ടാംഘട്ട സര്‍വേക്കായി മസ്ജിദില്‍ എത്തിയത് സംഘര്‍ശത്തിലേക്ക് എത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം നിരവധിപേര്‍ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പൊലീസിന് നേരെ കല്ലെറിഞ്ഞ 54 പേരെ അറസ്റ്റ് ചെയ്‌തെന്നും 91 പേരെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര കുമാര്‍ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ യുപി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

അതിനിടെ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പുതിയ ഹരജികള്‍ ഇനി പരിഗണിക്കരുതെന്ന് ഡിസംബര്‍ 12ന് 1991ലെ ആരാധനാലയ സംരക്ഷണനിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സമര്‍പ്പിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവില്‍ പരിഗണനയിലുള്ള ഹരജികളില്‍ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കുകയോ സര്‍വേക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

സുപ്രിംകോടതി ഉത്തരവ് സംഭലിനും ബാധകമാണ്. സംഭല്‍ മസ്ജിദില്‍ സര്‍വേ നടത്തിയ അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിഷയം നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ജസ്റ്റിസ് രഞ്ജന്‍ അഗര്‍വാള്‍ പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും പ്രതികരണം തേടുകയും ചെയ്തു.

webdesk18: