X

അഗ്‌നിയ്ക്ക് ചുറ്റും ഏഴ് തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങള്‍ അസാധുവെന്ന് അലഹബാദ് ഹൈക്കോടതി

അഗ്‌നിയ്ക്ക് ചുറ്റും ഏഴ് തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങള്‍ അസാധുവാണെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദു വിവാഹങ്ങളിലെ അനിഷ്ഠാനമായ സാത്ത് ഫേര അതായത്‌ അഗ്‌നിക്ക് ചുറ്റും 7 വട്ടം വല വയ്ക്കുക. അനുഷ്ഠിച്ചില്ലെങ്കില്‍ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗിന്റേതാണ് ഉത്തരവ്.

തന്നില്‍ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച ഭാര്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ വിവാഹ സമയത്ത് എഴുതവണ അഗ്‌നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആദ്യ വിവാഹം സാധു അല്ലെന്നുമായിരുന്നു യുവതിയുടെ വാദം. ഈ വാദം കോടതി അംഗീകരിച്ചു.

ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷന്‍ ഏഴ് അനുസരിച്ച് വിവാഹം ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് ആകുന്നത് സാത്ത് ഫേര അടക്കം എല്ലാ ആചാരങ്ങളും പൂര്‍ത്തിയായാല്‍ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. യുവതിയ്ക്ക് എതിരായി ആദ്യ ഭര്‍ത്താവ് സത്യം സിങ് നല്‍കിയ പരാതിയില്‍ പൊലീസ് നടപടികള്‍ കോടതി റദ്ദാക്കി.

2017 ലാണ് സ്മൃതി സിംഗ് എന്ന യുവതി സത്യം സിംഗിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ പിന്നീട് യുവതി ബന്ധം ഉപേക്ഷിക്കുകയും സ്ത്രീധന പീഡനം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് 2021 ജനുവരി 11ന് കേസ് കോടതിയിലെത്തുകയും പുനര്‍വിവാഹം വരെ യുവതിക്ക് 4,000 രൂപ ജീവനാംശം നല്‍കണമെന്ന് മിര്‍സാപൂര്‍ കുടുംബ കോടതി ഉത്തരവിടുകയും ചെയ്തു. പിന്നാലെ 2021 സെപ്റ്റംബര്‍ 20നാണ് യുവതി അനധികൃതമായി രണ്ടാമത് വിവാഹിതയായെന്ന് കാണിച്ച് സത്യം സിംഗ് യുവതിക്കെതിരെ പരാതിയുമായി കോടതിയിലെത്തുന്നത്. ഈ കേസിലാണ് നിലവില്‍ വിധി വന്നിരിക്കുന്നത്.

webdesk13: