പ്രശ്‌സത ചരിത്ര സ്മാരകമായ താജ്മഹലിലെ അടച്ചിട്ട 22 മുറികള്‍ തുറക്കണമെന്ന ഹരജി അലഹാബാദ് ഹൈകോടതി തള്ളി. ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി എന്നിവര്‍ അടങ്ങുന്ന ലഖ്‌നൗ ബഞ്ചാണ് തള്ളിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് അടച്ചിട്ടിരിക്കുന്ന 22 മുറികളെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിക്കണമെന്നും വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്നുമായിരുന്നു ഹരജി. ഹരജി തങ്ങള്‍ക്ക് ബോധ്യമായില്ലെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജിക്കാരനോട് ചരിത്രം പഠിക്കാന്‍ ആവശ്യപ്പെട്ടു.
‘ പോയി ഗവേഷണം ചെയ്യൂ. എംഎയും പിഎച്ച്ഡിയും എടുക്കൂ. ശേഷം ഇത്തരം വിഷയം തിരഞ്ഞെടുക്കു. ആ ഗവേഷണത്തില്‍ ആരെങ്കിലും തടസ്സം നിന്നാല്‍ ഞങ്ങളുടെ അടുക്കല്‍ വരൂ.’ എന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. ഹര്‍ജിക്കാരന്റെ ആവശ്യത്തോട് കോടതി രോഷത്തോടെയാണ് പ്രതികരണം നടത്തിയത്.
നാളെ നിങ്ങള്‍ ജഡ്ജിയുടെ ചേംബറിലെ മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെടുമോയെന്നും കോടതി ചോദിച്ചു. ഹര്‍ജി പൊതുതാത്പര്യ ഹര്‍ജിയെ പരിസഹിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
രജനീഷ് സിംഗ് എന്ന ബി.ജെ.പിയുടെ സാമൂഹ്യമാധ്യമ ചുമതലയുള്ള വ്യക്തിയാണ് താജ്മഹലിലെ അടച്ചിട്ട 22 മുറികള്‍ തുറക്കണമെന്ന ആവശ്യവുമായി ലക്‌നോ ബെഞ്ചിനെ സമീപിച്ചത്. താജ്മഹല്‍ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരന്‍മാരും സംഘടനകളും അവകാശവാദപ്പെട്ടതായി ഹരജിയില്‍ ചൂണ്ടികാട്ടുന്നുണ്ട്.