X

അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗം: വിശദീകരണം തേടി സുപ്രിം കോടതി

വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പരാമർശങ്ങളിൽ വിശദീകരണം തേടി സുപ്രിംകോടതി. അലഹബാദ് ഹൈക്കോടതിയോടാണ് വിശദീകരണം തേടിയത്. ജസ്റ്റിസ് എസ്.കെ യാദവാണ് വിദ്വേഷ പ്രസംഗം നടത്തിയത്.

രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താൽപര്യ പ്രകാരം മാത്രമേ ഭരണവും നിയമവുമെല്ലാം നടപ്പാവുകയുള്ളൂ എന്നാണ് അദ്ദേഹം പ്രസംഗിച്ചത്. പ്രസംഗത്തിനെതിരെ മുതിർന്ന അഭിഭാഷകർ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. മുസ്ലിംലീഗ് എം.പിമാർ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നൽകുകയും ചെയ്തു. ഇതേ വ്യക്തി ഇതിനു മുമ്പും വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.

കർണാടക ഹൈക്കോടതി ജഡ്ജിയും സമാനമായ രീതിയിൽ വിദ്വേഷ പരാമർശങ്ങൾ നടത്തിയിരുന്നു. കോടതി വിധികളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന രീതിയിലാണ് ഇത്തരം ജഡ്ജിമാർ പെരുമാറുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ ചോദ്യം ചെയ്യുകയും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ചെയ്ത ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതിയോട് മുസ്ലിംലീഗ് ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ അതിനെ ലംഘിക്കുമ്പോൾ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും മുസ്ലിംലീഗ് എം.പിമാർ വ്യക്തമാക്കിയിരുന്നു.

webdesk14: