Categories: indiaNews

അലഹബാദ് ഹൈകോടതി ചവറ്റുകൊട്ടയല്ല; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലംമാറ്റിയതില്‍ രൂക്ഷ വിമര്‍ശനവുമായി ബാര്‍ അസോസിയേഷന്‍

ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്ലാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയെ സ്ഥലംമാറ്റിയതില്‍ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈകോടതി ബാര്‍ അസോസിയേഷന്‍. അലഹബാദ് ഹൈകോടതി ചവറ്റുകൊട്ടയല്ലെന്നും ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലംമാറ്റാനാവില്ലെന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.

അതേസമയം, സ്ഥലംമാറ്റം പ്രാബല്യത്തില്‍ വന്നാല്‍ അലഹബാദ് ഹൈകോടതി ബാര്‍ അസോസിയേഷന്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തുമെന്നുമാണ് സൂചന.

കണക്കില്‍പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. സുപ്രീംകോടതിയുടെ ഫുള്‍കോര്‍ട്ട് ആണ് അന്വേഷണത്തിന് തീരുമാനിച്ചത്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപധ്യായോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ജഡ്ജിയുടെ വസതിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് പണം കണ്ടെത്തിയത്. പണം കണ്ടെത്തിയ വിവരം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഫുള്‍കോര്‍ട്ടിനെ അറിയിച്ചു. തുടര്‍ന്ന് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്‍ദേശം നല്‍കി

അതേസമയം തീപിടിത്തമുണ്ടായപ്പോള്‍ ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കാളാണ് അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചത്. തീയണച്ചതിന് ശേഷമാണ് മുറിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്.

വിശദമായ പരിശോധനയില്‍ അനധികൃത പണമാണെന്ന് മനസ്സിലായി. ഇതോടെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സംഭവം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ ശ്രദ്ധയില്‍പെടുത്തി.

ഇതിന് പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൊളീജിയം യോഗം വിളിക്കുകയും ജഡ്ജിയെ അടിയന്തരമായി അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. 2021 ഒക്ടോബറിലാണ് യശ്വന്ത് വര്‍മ ഡല്‍ഹി ഹൈകോടതിയില്‍ നിയമിതനായത്.

webdesk18:
whatsapp
line