ഹൈദരാബാദ്: മസ്ജിദുകള്‍ ആര്‍ക്കും കൈമാറാനാവില്ലെന്നും ആരാധനാലയങ്ങളുടെ പൂര്‍ണ്ണ ഉടമസ്ഥന്‍ അല്ലാഹുവാണെന്നും അഖിലേന്ത്യാ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്‌ലിമൂന്‍ തലവന്‍ അസദുദ്ദീന്‍ ഉവൈസി. ബാബരി മസ്ജിദ് മറ്റൊരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് മാറ്റി നിര്‍മ്മിക്കാമെന്ന് ഉത്തര്‍പ്രദേശ് ശിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ കടുത്ത പ്രതികരണം. ട്വിറ്ററിലൂടെയാണ് ഒവൈസി പ്രതികരിച്ചത്.
“അവസാനനാളില്‍ വിശ്വസിക്കുകയും അല്ലാഹുവിനെ പേടിക്കുകയും ചെയ്യുന്ന ആളുകളാണ് മസ്ജിദുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ അവിടെ സുരക്ഷിതമായ രീതിയിലുള്ള പ്രാര്‍ത്ഥന നിലനിര്‍ത്തേണ്ടത് മുസ്‌ലിങ്ങളുടെ ഉത്തരവാദിത്തമാണ്”- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
“ശിയ, സുന്നി, ബരെല്‍വി, സൂഫി, ദിയോബന്ദി, സലഫി, ബോഹിരികള്‍ എന്നിവര്‍ക്കാര്‍ക്കും മസ്ജിദുകള്‍ നിയന്ത്രിക്കാവുന്നതാണ്. എന്നാല്‍ അവര്‍ അതിന്റെ ഉടമകളല്ല. അല്ലാഹുവാണ് അതിന്റെ ഉടമ”, ഉവൈസി ട്വീറ്റില്‍ തുടര്‍ന്നു.
‘ഒരു മൗലാന പറഞ്ഞത് കൊണ്ട് പള്ളികള്‍ കൈമാറാനാവില്ല. അല്ലാഹുവാണ് അതിന്റെ ഉടമസ്തന്‍, മറിച്ച് ഏതെങ്കിലുമൊരു മൗലാനയാവില്ല. ഒരു മസ്ജിദുണ്ടായാല്‍ പിന്നീട് എപ്പോഴും അത് മസ്ജിദായി തന്നെ നിലനില്‍ക്കും.’ അസദുദ്ദീന്‍ ഉവൈസി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് ശിയ വഖഫ് ബോര്‍ഡിന്റെ സ്വത്താണെന്ന് സത്യവാങ് മൂലത്തില്‍് അവകാശപ്പെട്ട ശിയ വഖഫ് ബോര്‍ഡ്, പള്ളി സമീപത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് മാറ്റി നിര്‍മിക്കാമെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന് മറുപടിയാണ് ഉവൈസി നിരത്തിയത്.