ഫലസ്തീനിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫയില്‍ കുരുതി തുടര്‍ന്ന് ഇസ്രാഈല്‍. ആശുപത്രിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച് ആണ് ഇസ്രാഈല്‍ ആക്രമണം. തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന രോഗികളെല്ലാം മരിച്ചെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. കെട്ടിടത്തിന്റെ ഭാഗങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് ഇസ്രാഈല്‍ സൈന്യം അല്‍ശിഫയിലെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷം ആശുപത്രിയില്‍ വെടിവയ്പ്പുണ്ടായതായി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അകത്തേക്കുള്ള ജലവിതരണ- വൈദ്യുതിബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അകത്തേക്ക് ഭക്ഷണവും കടത്തിവിടുന്നില്ല.
രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം കടുത്ത പട്ടിണിയിലാണെന്ന് ആശുപത്രി ഡയരക്ടര്‍ മുഹമ്മദ് അബു സല്‍മിയ പറഞ്ഞു. വൈദ്യുതിബന്ധം വേര്‍പ്പെട്ടതിനു പിന്നാലെ തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന 22 പേരാണു മരിച്ചത്. ആശുപത്രിയെ സൈന്യം ഉപരോധിച്ചിരിക്കുകയാണെന്നും കടുത്ത യുദ്ധ കുറ്റകൃത്യമാണിതെന്നും സല്‍മിയ പറഞ്ഞു.
നിലവില്‍ വടക്കന്‍ ഗസ്സയില്‍ ഒരേയൊരു ആശുപത്രിയാണു പ്രവര്‍ത്തിക്കുന്നതെന്ന് യു.എന്‍ അറിയിച്ചു. ബാക്കി 23 ആശുപത്രികളും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. ഇവിടെ ജല ഭക്ഷണ വിതരണമെല്ലാം പ്രതിസന്ധിയിലാണെന്നും യു.എന്‍ റിലീഫ് വിഭാഗം തലവന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് പറയുന്നു. സിവിലിയന്മാര്‍ക്ക് ഇവിടെനിന്നു രക്ഷപ്പെടാന്‍ അനിശ്ചിതകാലത്തേക്ക് ആക്രമണം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.