കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ ഇടപാട് ആയി എ.ഐ ക്യാമറ ഇടപാട് മാറിയിരിക്കയാണെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 75- 80 കോടി രൂപയില്‍ തീരുമായിരുന്ന പദ്ധതിക്കാണ് 232 കോടി ചെലവഴിച്ചെന്ന് പറയുന്നത്. ഇത്രയും വലിയ കൊള്ള നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായ കോടികള്‍ തിരിച്ചുപിടിക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.
123,000 രൂപ മാത്രം വരുമെന്ന് കണ്ടെത്തിയ ഓരോ ക്യാമറക്കും നാലുലക്ഷം രൂപയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. കേരളത്തിന്റെ പണമാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഈ കൊള്ളയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമല്ല. ഏതെങ്കിലും ഉദ്യോഗസ്ഥനെ പഴിചാരി രക്ഷപ്പെടാനാണ് വിജിലന്‍സ് അന്വേഷണത്തിലൂടെ ശ്രമിക്കുന്നത്. എ.ഐ ക്യാമറ അഴിമതിക്ക് പിന്നിലെ മുഴുവന്‍ ദുശ്ശക്തികളെയും പുറത്തുകൊണ്ടുവരുന്നത് വരെ ലീഗ് ശക്തമായ സമര നടപടികളുമായി മുന്നോട്ടു പോകും. യുഡിഎഫിന്റെ ഉന്നാതാധികാരസമിതി യോഗം വ്യഴാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കൂടുതല്‍ സമര പരിപാടികള്‍ ഈ യോഗത്തില്‍ തീരുമാനിക്കുമെന്നും പി എം എ സലാം പറഞ്ഞു.എ ഐ ക്യാമറ ഇടപാടിലെ കോടികളുടെ അഴിമതി വ്യക്തമായ തെളിവുകളോടെ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നിട്ടും സര്‍ക്കാരിന് യാതൊരു കുലുക്കവുമില്ലെന്ന് പി.എം.എ സലാം കുറ്റപ്പെടുത്തി. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പോലും കൊടുക്കാന്‍ നിവൃത്തിയില്ലാതെ പാവപ്പെട്ട ജനങ്ങളെ വലയ്ക്കുമ്പോഴാണ് കോടികളുടെ അഴിമതികള്‍ നടക്കുന്നത്. ഖജനാവില്‍ പണമില്ലാത്തതുമൂലം ഒരുപാട് സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വേണ്ടെന്നു വച്ചിരിക്കുകയാണ്. ഉച്ചകഞ്ഞിക്കുള്ള പണം പോലും അധ്യാപകര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ക്യാമറ പദ്ധതിക്ക് കെല്‍ട്രോണ്‍ ഉപകരാര്‍ കൊടുത്ത കമ്പനികള്‍ 75-80 കോടിയില്‍ തീരുമെന്ന് പറഞ്ഞിരിക്കെയാണ് 232 കോടി ചെലവഴിച്ചിരിക്കുന്നത്. എല്ലാ ചിലവുകളും അടക്കം 151 കോടിക്ക് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ബാക്കി പണം എന്തിന് ചെലവായെന്ന് പറയാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. എ.ഐ ക്യാമറ ഇടപാടിന്റെ കരാര്‍ ഉറപ്പിച്ച ദിവസം തന്നെ മുഴുവന്‍ പര്‍ച്ചേസ് ഓര്‍ഡറും നല്‍കിയതിലും വലിയ ദുരൂഹതയുണ്ട്. ഏതെല്ലാം കമ്പനികളില്‍ നിന്ന് എന്തെല്ലാം വാങ്ങണം എന്ന് അന്ന് തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അതുകൊണ്ടുതന്നെ ഈ പദ്ധതിയില്‍ സര്‍വ്വത്ര ദുരൂഹതയാണ്. സാധാരണക്കാരനെ പിഴിയാന്‍ വേണ്ടിയാണ് ഈ വന്‍ അഴിമതിപദ്ധതി കൊണ്ടുവന്നിരിക്കുന്നത്. നികുതി വര്‍ധനവിലൂടെ പൊറുതിമുട്ടിയ സാധാരണ ജനങ്ങളെ ഞെക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗ്‌സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ,ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ പാറക്കാട്ട്്് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.