ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡണ്ടായി ഒരിക്കല്‍ കൂടി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യം വിടുമെന്ന് പ്രഖ്യാപിച്ച് നിരവധി സെലിബ്രിറ്റികള്‍. ക്രിസി ടീഗന്‍ മുതല്‍ ടോമി ലീ വരെയുള്ള സെലിബ്രിറ്റികളാണ് നാലു വര്‍ഷം യുഎസില്‍ താമസിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
ക്രിസി ടീഗന്‍, ജോണ്‍ ലജന്‍ഡ് ദമ്പതികളാണ് ഇവരില്‍ പ്രധാനം. ട്രംപിന്റെ അധികാരം രാജ്യത്തെ തളര്‍ത്തി എന്നാണ് ഈയിടെ ഒരഭിമുഖത്തില്‍ ഇരുവരും പറഞ്ഞിരുന്നത്. ബ്ര്യൂസ് സ്പ്രിങ്സ്റ്റീന്‍ ആണ് മറ്റൊരാള്‍. വോക്കലിസ്റ്റായ ബ്ര്യൂസ് ട്രംപ് ജയിച്ചാല്‍ അടുത്ത വിമാനത്തില്‍ തന്നെ നാടു വിടും എന്നാണ് അറിയിച്ചിട്ടുള്ളത്. നാലു വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കാനാണ് ഇദ്ദേഹം ആലോചിക്കുന്നത്.
ഡ്രമ്മര്‍ ടോമി ലീയാണ് രാജ്യം വിടാന്‍ സന്നദ്ധത അറിയിച്ച മറ്റൊരാള്‍. ട്രംപ് രണ്ടാമതും അധികാരത്തില്‍ വന്നാല്‍ യൂറോപ്പിലേക്ക് താമസം മാറ്റും എന്നാണ് ലീ പ്രഖ്യാപിച്ചിട്ടുള്ളത്. ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവര്‍ അനുഭവിക്കുന്നത് കര്‍മഫലമാണ് എന്ന് ലീ പറഞ്ഞിരുന്നു.
ഗായികയും തൊണ്ണൂറുകളിലെ താരവുമായ റിക്കി മാര്‍ട്ടിനാണ് മറ്റൊരാള്‍. ട്രംപ് ജയിച്ചാല്‍ ആ രാത്രി തന്നെ യുഎസ് വിടും എന്നാണ് റിക്കി അറിയിച്ചിട്ടുള്ളത്. ബൈഡനു വേണ്ടിയുള്ള പ്രചാരണത്തിലും ഇവര്‍ മുമ്പന്തിയിലുണ്ടായിരുന്നു.