X

ഇനിയുള്ളത് ഭരണഘടന മാത്രം-ഉബൈദ് കോട്ടുമല

ലൗജിഹാദിനും മാര്‍ക്ക് ജിഹാദിനും ഹിജാബിനും ശേഷം സംഘ്പരിവാറിന് പുതിയൊരു ആയുധം കൂടി നല്‍കിയിരിക്കുകയാണ് കേരളത്തിലെ സി.പി.എം. ഭരണഘടന പൊളിച്ചെഴുതാന്‍ അവസരം കാത്തിരിക്കുന്ന ബി.ജെ.പിക്ക് കിട്ടിയ ഏറ്റവും പുതിയ ആയുധമാണ് മുന്‍ മന്ത്രി സജി ചെറിയാന്റെ പ്രസംഗം. ദേശീയ തലത്തില്‍ ബി.ജെ.പി പ്രയോഗിച്ച് കൊണ്ടിരിക്കുന്ന എല്ലാ ആരോപണങ്ങളുടെയും പ്രഭവകേന്ദ്രം കേരളത്തിലെ സി.പി.എം നേതാക്കളുടെ പ്രസ്താവനകളും അഭിപ്രായങ്ങളുമായിരുന്നു. 2011-ല്‍ വി.എസ്. അച്യുദാനന്ദന്റെ പരാമര്‍ശമാണ് ദേശീയ തലത്തില്‍ ലൗ ജിഹാദിനായി ബി.ജെപി ഉപയോഗപ്പെടുത്തിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്ക് കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന എളമരം കരീമിന്റെ പ്രസ്താവനയാണ് മാര്‍ക്ക് ജിഹാദായി പിന്നീട് ബി.ജെ.പിയും സംഘ്പരിവാറും ഏറ്റെടുത്ത് പ്രചരിപ്പിച്ചത്. എസ്.പി.സിയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് നിരോധിച്ച കേരള സര്‍ക്കാരിന്റെ നടപടിയായിരുന്നു കര്‍ണാടകത്തില്‍ ഹിജാബ് നിരോധനത്തിന് ബി.ജെ.പിക്ക് ധൈര്യം പകര്‍ന്നതും. സജി ചെറിയാനിലൂടെ പുതിയൊരു ആയുധം കൂടി സംഭാവന ചെയ്തിരിക്കുകയാണിപ്പോള്‍.

ജനാധിപത്യവും മതേതരത്വവും ലിഖിതവും ദൃഢവുമായ ഭരണഘടനയുമാണ് ഇന്ത്യയുടെ സവിശേഷതകളായി കണക്കാക്കപ്പെടുന്നത്. ഇതില്‍ ജനാധിപത്യവും മതേതരത്വവും ഇന്ത്യയില്‍ അവസാനിക്കുന്നതായാണ് ആഗോള ഏജന്‍സികള്‍ വിലയിരുത്തിപ്പോരുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഒരു സ്വേഛാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് വീഡം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ആഗോള സൂചിക വ്യക്തമാക്കുന്നത്. ഒരു അര്‍ദ്ധ സ്വാതന്ത്രൃ രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ഫ്രീഡം ഹൗസിന്റെ വിലയിരുത്തല്‍.

പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവരടക്കം ഇതിനിരകളാവുകയാണ്. പാര്‍ലമെന്റിനകത്ത് പോലും ഇത്തരം അസഹിഷ്ണുതകളാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. സഭക്കകത്ത് അറുപത്തഞ്ചോളം വാക്കുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഭരണകൂടത്തിന്റെ ഭീകര രൂപമാണ് കാണിക്കുന്നത്. പാര്‍ലമെന്റിന് പുറത്തും പ്രതിഷേധം നിരോധിച്ചിരിക്കുകയാണ്. സഭയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പോലും അംഗങ്ങള്‍ക്ക് അവകാശമില്ലാത്ത സാഹചര്യം ഉടലെടുത്താന്‍ അല്‍ഭുതപ്പെടാനില്ലെന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റിനെ നിലനിര്‍ത്തികൊണ്ട് തന്നെ പാര്‍ലമെന്ററി പ്രക്രിയകളെ അവസാനിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഭരണകൂട ഭീകരതക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ ഭരണഘടനാ മൂല്യങ്ങളും മുനഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിച്ച് പോരാടേണ്ട സന്ദര്‍ഭത്തിലാണ് സി.പി.എം നേതാവിന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവന എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

ഹിന്ദുത്വ രാഷ്ട്രമെന്ന ബി.ജെ.പിയുടെ ലക്ഷ്യം നേടാന്‍ അവരുടെ മുന്നിലുള്ള ഏക തടസം ഭരണഘടനയാണ്. അത് തകര്‍ക്കുക എന്നത് സംഘ്പരിവാറിന്റെ അജണ്ടയാണ്. ഭരണഘടനക്ക് അന്തിമ രൂപം നല്‍കി അംഗീകരിച്ചതിന്റെ തൊട്ടുദിവസം തന്നെ ഭരണഘടനയെ അംഗീകരിക്കാനാകില്ലെന്ന് എഡിറ്റോറിയല്‍ എഴുതിയത് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ആയിരുന്നു. 1998-ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഭരണഘടന മാറ്റാന്‍ റിവ്യു കമ്മീഷനെ നിയോഗിച്ച സംഘ്പരിവാറിന് ശക്തി പകരാനേ സജി ചെറിയാന്റെ പ്രസ്താവന ഉപകരിച്ചിട്ടുള്ളൂ.

നെഹ്‌റുവും ഗാന്ധിയും അമ്പേദ്കറും ബി.ജെ.പിയുടെ ശത്രുക്കളായതിന്റെ കാരണം മതേതരത്വത്തിനും ഭരണ ഘടനക്കും വേണ്ടി അവര്‍ നിലകൊണ്ടത് തന്നെയാണ്. കണ്ണൂരില്‍ എസ്.എഫ്.ഐ ഗാന്ധി പ്രതിമ തകര്‍ത്തതും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തതും മല്ലപ്പള്ളിയില്‍ സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചതും ഈ കലുഷിതകാലത്ത് ബി.ജെ.പിയെ സഹായിക്കുന്ന നടപടികള്‍ തന്നെയാണ്. ഇന്ത്യയില്‍ നടക്കുന്ന സ്വാതന്ത്ര്യ നിഷേധങ്ങള്‍ക്കും മുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ലോക രാജ്യങ്ങളും ആഗോള ഏജന്‍സികളും ഇന്ത്യന്‍ ഭരണ കൂടത്തെ താക്കീത് ചെയ്യുന്നതിനും മുന്നറിയപ്പുകള്‍ നല്‍കുന്നതിന് തയ്യാറാകുന്നതും നമ്മുടെ ഭരണഘടന ഉള്ളത് കൊണ്ടാണ്. മതസ്വാതന്ത്ര്യ നിഷേധത്തിലും പ്രവാചക നിന്ദയിലും നരേന്ദ്രമോദിക്ക് മേല്‍ വൈറ്റ്ഹൗസ് സമ്മര്‍ദ്ധം ചെലുത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതും ഈ ഭരണഘടനയുടെ സവിശേഷത കൊണ്ടാണ്. സത്യാനന്തരകാലത്ത് പോലും കോടതികളില്‍ നിന്ന് അല്‍പമെങ്കിലും നീതി പുലരുന്നതിന് കാരണവും നമ്മുടെ ഭരണഘടനയാണ്. കോടതികള്‍ക്ക് വിധേയത്വമുള്ളത് സര്‍ക്കാരിനോടല്ല, മറിച്ച് ഭരണഘടനയോടാണ്. പ്രവാചക നിന്ദയിലും ബുള്‍ഡോസര്‍ രാജിലും ഭരണഘടനയാണ് ഇരകള്‍ക്ക് അല്‍പമെങ്കിലും നീതി നേടിക്കൊടുത്തിട്ടുള്ളത്.2025-ല്‍ ആര്‍.എസ്.എസിന്റെ ലക്ഷ്യം നേടാന്‍ ഈ ഭരണഘടനയെ എന്ത് ചെയ്യുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

ഭരണഘടനയോടും സ്വാതന്ത്രസമരത്തോടും സി.പി.എം സ്വീകരിച്ച നിഷേധാത്മകമായ നിലപാടും ഇതുപോലെ ചരിത്രത്തിന്റെ ഭാഗമാണ്. ഉത്തരപ്രദേശില്‍ ആഗസ്ത് 15 ലെ അവധി ദിനം ഒഴിവാക്കിയ യോഗിയുടെ നടപടിയും ഇതേ സന്ദേശം തന്നെയാണ് നല്‍കുന്നത്.മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിവെച്ചതല്ല. അത് ഇന്ത്യക്കാരുടെ നിര്‍മ്മിതിയാണ്. ജനങ്ങളെ കൊള്ളയടിക്കുന്നതല്ല, ചൂഷണത്തെ അംഗീകരിക്കുന്നതുമല്ല. മല്ലപള്ളിയിലെ പാര്‍ട്ടി ശിബിരത്തില്‍ സജി ചെറിയാന്റെ പ്രസംഗം കേട്ടാല്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസമറിയാന്‍ പൊതുജനങ്ങള്‍ പാട്‌പെടേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ നീതി പുലരുമെന്ന് ലോക രാജ്യങ്ങള്‍ പ്രതീക്ഷിച്ചതിന് മൂല കാരണം നമ്മുടെ ഭരണഘടനതന്നെയാണ്. ബാബരി മസ്ജിദ് കേസിലും ഗുജറാത്ത് കലാപത്തിലും ബോംബെ കലാപത്തിലും പ്രതികള്‍ രക്ഷപ്പെട്ടതോടെ ആ വിശ്വാസം ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.

അത് കൊണ്ട് തന്നെ ലോക രാജ്യങ്ങളും ആഗോള ഏജന്‍സികളും ഇന്ത്യന്‍ സാഹചര്യങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. പ്രവാചക നിന്ദയിലും ടീസ്റ്റ സെറ്റില്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, മുഹമ്മദ് സുബൈര്‍ എന്നവിരുടെ അറസ്റ്റിലും ആഗോള തലത്തില്‍ ഉയര്‍ന്ന പ്രതിഷേധം തെല്ലൊന്നുമല്ല ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാറിനെയും അസ്വസ്തമാക്കിയിട്ടുള്ളത്. ആര്‍ട്ടിക്ക്ള്‍ 370 നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണ്. പാര്‍ലമെന്റ് പാസ്സാക്കുന്ന പല നിയമങ്ങളും ഭരണഘടനയുടെ അന്തസിന് ചേരുന്നതല്ല. മുത്വലാഖും പൗരത്വ ഭേദഗതി നിയമവും വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. ഭരണഘടനാ തത്വങ്ങളെ മറികടന്ന് ഏക സിവില്‍കോഡ് നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുകയാണ് ബി.ജെപിയും ആര്‍.എസ്.എസ്സും. ഇത്തരം നിയമനിര്‍മ്മാണങ്ങളിലൂടെ ഭരണഘടനയെ ബി.ജെ.പി നിരാകരിക്കുമ്പോള്‍ അതിന് സഹായകമാകുന്ന നിലപാടാണ് കേരളത്തിലെ സി.പി.എം നേതാക്കളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Chandrika Web: