X

അഞ്ചാം ഘട്ടം; അമേഠിയും റായ്ബറേലിയുമടക്കം 51 മണ്ഡലങ്ങള്‍ നാളെ ബൂത്തിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം അവസാനിച്ചു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.
ജമ്മുകശ്മീരിലും രാജസ്ഥാനിലും അഞ്ചാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.

ഉത്തര്‍പ്രദേശില്‍ പതിനാലും രാജസ്ഥാനില്‍ പന്ത്രണ്ടും ബംഗാള്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഏഴ് വീതവും ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും ജമ്മുകശ്മീരില്‍ രണ്ടും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനിയും ഏറ്റുമുട്ടുന്ന അമേഠിയാണ് അഞ്ചാംഘട്ടത്തില്‍ ശ്രദ്ധേയമായ മണ്ഡലം. സോണിയാ ഗാന്ധി(റായ്ബറേലി), രാജീവ് പ്രതാപ് റൂഡി(മുസഫര്‍പുര്‍), അര്‍ജുന്‍ മുണ്ട(റാഞ്ചി), ജയന്ത് സിന്‍ഹ(ഹസാരിബാഗ്), രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കൃഷ്ണ പുനിയ(ജയ്പൂര്‍ റൂറല്‍), രാജ്‌നാഥ് സിങ്, പൂനം സിന്‍ഹ(ലഖ്‌നൊ) ദിനേഷ് ത്രിവേദി(ബാരക്പുര്‍) എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.

റായ്ബറേലിയിലും അമേഠിയിലും ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥിയായാണ് സോണിയയും രാഹുലും മത്സരിക്കുന്നത്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ നേതാക്കളെല്ലാം സജീവമായി രംഗത്തുണ്ടായിരുന്നു. അമേഠിയില്‍ എസ്പി പ്രവര്‍ത്തകര്‍ രാഹുലിന്റ പ്രചാരത്തിന് എത്തിയതും ബിജെപി ക്യാമ്പിന് തിരിച്ചടിയായി.

റായ്ബറേലിയിലും, അമേഠിയിലും കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് പ്രവര്‍ത്തകരോട് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. കോണ്‍ഗ്രസുമായി ബി.എസ്.പിക്ക് യാതൊരുവിധ സഖ്യവുമില്ല. എന്നാല്‍, ബിജെപിയെ പരാജയപ്പെടുത്താന്‍ അമേത്തിയിലും, റായ്ബറേലിയിലും തങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യും.

എസ്.പിയും കോണ്‍ഗ്രസും മായാവതിയെ വഞ്ചിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മായാവതി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നതിനിടെ കോണ്‍ഗ്രസ്, എസ്.പി നേതാക്കള്‍ വേദി പങ്കിടുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. റായ്ബറേലിയില്‍ നടന്ന എസ്.പി യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശം. എന്നാല്‍ ഇതിനു പിന്നാലെ മോദിയെ തള്ളിയാണ് മോറായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന അഭ്യര്‍ഥനയുമായി മായാവതി രംഗത്തെത്തിയിട്ടുളളത്

രാഹുല്‍ ഗാന്ധി സ്വന്തം തട്ടകമായ അമേഠിയിലും ഹരിയാനയിലെ ഗുഡ്ഗാവിലും പ്രചാരണത്തിനെത്തി. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ബി.ജെ.പി തടഞ്ഞുവെച്ച പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.

ഉത്തര്‍ പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്നും മതേതരമുന്നണി വന്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് ശക്തമായ സ്ഥാനാര്‍ഥിയില്ലാത്ത യുപിയിലെ മണ്ഡലങ്ങളില്‍ പാര്‍ട്ടി മതേതരമുന്നണിയെ സഹായിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അമേഠിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി യു.പിയിലും ബിഹാറിലും പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തു. എന്നാല്‍ ബംഗാളിലും ജാര്‍ഖണ്ഡിലും ഫോനി ചുഴലിക്കാറ്റ് അവസാനവട്ട പ്രചാരണങ്ങളുടെ നിറംകെടുത്തി.

അതേസമയം അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പേള്‍ ഇതുവരെ വോട്ടെടുപ്പ് നടന്ന 374 ലോക്സഭാ മണ്ഡലങ്ങളില്‍ നൂറില്‍ താഴെ സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് നേടാന്‍ കഴിയുകയുള്ളൂ എന്നാണ് ആഭ്യന്തര വിലയിരുത്തല്‍. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുമെന്നും ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി തകര്‍ന്നടിയുമെന്നും ആഭ്യന്തര റിപ്പോര്‍ട്ട്.

ഏഴു ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മേയ് 12, മേയ് 19 എന്നീ തീയതികളിലാണ് വോട്ടെടുപ്പ്. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലംപ്രഖ്യാപനവും നടക്കും.

chandrika: