X

വൊഡാഫോണ്‍ ഐഡിയ ഉപേക്ഷിച്ചത് 8.61 കോടി പേര്‍, ജിയോയുടെ ഭാഗമായത് ഒമ്പത് കോടി പേര്‍

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ എന്നിവ ഒഴികെയുള്ള എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും വന്‍തോതില്‍ ഉപഭോക്താക്കളെ നഷ്ടമായെന്ന് കണക്കുകള്‍. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ നഷ്ടമായത് വൊഡാഫോണ്‍ ഐഡിയയ്ക്കാണെന്ന് സേവനദാതാക്കളുടെ ഒരു വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ട ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റിപ്പോര്‍ട്ട് പറയുന്നു. നേട്ടമുണ്ടാക്കിയത് മുകേഷ് അംബാനിയുടെ ജിയോയും.

365 ദിവസത്തിനിടെ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനാണ് (വി) ഏറ്റവും കൂടുതല്‍ വരിക്കാരെ നഷ്ടപ്പെട്ടത്. 8.61 കോടി പേര്‍. 20.6 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. ഇപ്പോഴത്തെ ഉപഭോക്താക്കള്‍ 33.3 കോടി. 2018ല്‍ ഇത് 41.87 കോടിയായിരുന്നു. ടാറ്റ ടെലി സര്‍വീസസ് ലിമിറ്റഡും ഭാരതി എയര്‍ടെല്‍ ലിമിറ്റഡുമാണ് വരിക്കാരെ നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ പിന്നീടുള്ളത്. എയര്‍ടെലിന്റെ വരിക്കാരുടെ എണ്ണം 3.7 ശതമാനം കുറഞ്ഞ് 33.16 കോടിയായി.

റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും (ബിഎസ്എന്‍എല്‍) മാത്രമാണ് 2019 ല്‍ വരിക്കാരുടെ എണ്ണത്തില്‍ വര്‍ഷം തോറും വളര്‍ച്ച രേഖപ്പെടുത്തിയത്. ജിയോ 2019 ല്‍ 9.09 കോടി ഉപഭോക്താക്കളെ സ്വന്തം നെറ്റ് വര്‍ക്കിലേക്ക് ചേര്‍ത്തു. ഡിസംബര്‍ അവസാനത്തോടെ മൊത്തം വരിക്കാരുടെ എണ്ണം 37.11 കോടിയായി ഉയര്‍ന്നു. ബിഎസ്എന്‍എല്‍ 1.5 ശതമാനം വളര്‍ച്ച നേടി വരിക്കാരുടെ എണ്ണം 12.77 കോടിയായി.

2020 ഓഗസ്റ്റില്‍ ജിയോയേക്കാള്‍ നേട്ടമുണ്ടാക്കിയത് എയര്‍ടെല്ലാണ്. ഈ മാസം 28.99 ലക്ഷം ഉപഭോക്താക്കളെയാണ് എയര്‍ടെല്‍ ചേര്‍ത്തത്. ജിയോ 18.64 ലക്ഷം പേരെയും.

മൊത്തം വോഡഫോണ്‍ ഐഡിയ വരിക്കാരില്‍ 51.8 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. എയര്‍ടെലിന്റേത് ഇത് 43.9 ശതമാനവും.4 ജി സേവനങ്ങള്‍ മാത്രം നല്‍കുന്ന റിലയന്‍സ് ജിയോയില്‍ 2019 ഡിസംബര്‍ വരെ 41 ശതമാനം ഗ്രാമീണ വരിക്കാരുണ്ടായിരുന്നു.

Test User: