X
    Categories: indiaNews

ഉവൈസിയെ ഉപയോഗിക്കുന്നതില്‍ ബിജെപി വിജയിച്ചു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയെ വച്ച് വോട്ട് ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമം വിജയം കണ്ടെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രജ്ഞന്‍ ചൗധരി. വോട്ട് ഇല്ലാതാക്കുന്ന ഉവൈസിയെ എല്ലാ മതേതര കക്ഷികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഉവൈസിയെ ബി ടീമാക്കി ഉപയോഗിച്ചു എന്ന ആരോപണവുമായി നേരത്തെ കോണ്‍ഗ്രസ് വക്താവ് പ്രണവ് ഝാ രംഗത്തെത്തിയിരുന്നു.

‘നിതീഷ് കുമാറിനെ നാണം കെടുത്താന്‍ ചിരാഗ് പാസ്വാനെ ഉപയോഗിക്കുകയായിരുന്നു ബിജെപി. ജെഡിയുവിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരുപകരണം ആയാണ് ചിരാഗിനെ ഉപയോഗിച്ചത്. ബിജെപിയുടെ ഈ തന്ത്രം തിരിച്ചറിയാന്‍ ചിരാഗിനെ പോലുള്ള ഒരു യുവ നേതാവിന് കഴിഞ്ഞില്ല. മഹാഗട്ബന്ധന്റെ വോട്ടു കുറയ്ക്കാന്‍ ഉവൈസിയെയും ബിജെപി ബി ടീമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിക്കും. ജനവിധിക്കു ശേഷമുള്ള സഖ്യത്തിന്റെ ആവശ്യമില്ല’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

സംസ്ഥാനത്ത് രണ്ടിടത്ത് ഉവൈസിയുടെ പാര്‍ട്ടി വിജയിച്ചിട്ടുണ്ട്. മൂന്നിടങ്ങളില്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു. 243 അംഗ സഭയില്‍ 121 സീറ്റുകളിലാണ് ഇപ്പോള്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 113 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 74 ഇടത്ത് മുന്നിട്ടു നില്‍ക്കുന്ന ബിജെപിയാണ് നിലവില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി. ആര്‍ജെഡി 67 ഇടത്ത് ലീഡ് ചെയ്യുന്നു. 48 സീറ്റില്‍ ജെഡിയു മുമ്പില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് 18 ഇടത്ത് ലീഡ് ചെയ്യുന്നു.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: